17 വർഷത്തിനുശേഷം സിനിമയിലേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ് ‘അമരം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നടി മാതു. വിവാഹത്തോടെ അമേരിക്കയിലേക്ക് പോയ മാതു ന്യൂയോർക്കിലെ അപ്പാർട്മെന്റിൽ ഡാൻസ് സ്കൂളും മക്കളുമായി ജീവിക്കുകയാണ്. നാലു വർഷം മുൻപ് ഭർത്താവ് ജേക്കബുമായി വേർപിരിഞ്ഞു. ഇപ്പോൾ മക്കളായ ജെയ്‌മിക്കും ലൂക്കിനുമൊപ്പമാണ് താമസം. അഭിനയ ജീവിതത്തിന് 40 വർഷം പൂർത്തിയാകുന്ന വേളയിൽ ‘വനിത’ മാഗസിനോട് മനസ്സു തുറന്നിരിക്കുകയാണ് മാതു.

‘അമര’ത്തിന്റെ പേരിലാണ് ആളുകൾ എന്നെ ഓർക്കുന്നത്. കരിയറിൽ അത്ര മികച്ച മറ്റൊരു വേഷം കിട്ടിയിട്ടില്ല എന്നുപറയാം. മലയാളത്തിലെ എന്റെ മൂന്നാമത്തെ സിനിമയായിരുന്നു അത്. ഡ്രസ് റിഹേഴ്സലിന് നീളൻ പാവാടയും ബ്ലൗസുമിട്ട് വന്നപ്പോൾ ‘എന്റെ മുത്ത് അതാ മുന്നിൽ’ എന്നാണ് ഭരതൻ സാർ പറഞ്ഞത്. ഭരതൻ-ലോഹിതദാസ്-മമ്മൂട്ടി-മധു അമ്പാട്ട് ടീമിനൊപ്പം ആരും മറക്കാത്ത റോൾ ചെയ്യാനായത് ദൈവാനുഗ്രഹമാണ്. അമരത്തിനുശേഷം 10 വർഷം വലിയ തിരക്കായിരുന്നെന്നും മാധു അഭിമുഖത്തിൽ പറയുന്നു.

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുളള അഭിനയത്തെക്കുറിച്ചും മാതു പങ്കുവച്ചു. ”കുട്ടേട്ടനിൽ അഭിനയിക്കുമ്പോൾ അമ്പരപ്പുണ്ടായിരുന്നു. മമ്മൂക്കയോടൊപ്പം ഡയലോഗൊക്കെ പറഞ്ഞുനിൽക്കാൻ പേടി. റീടേക്ക് എടുക്കേണ്ടി വരുമ്പോൾ ആകെ ടെൻഷൻ. സപ്പോർട്ട് ചെയ്തത് മമ്മൂക്കയാണ്. അമരത്തിലെത്തുമ്പോൾ ഞാൻ കൂളായിരുന്നു. ‘സദയ’ത്തിന്റെയും മികച്ച ടീമായിരുന്നു. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നയാളാണ് ലാലേട്ടൻ. ഷൂട്ടിങ് കാണാൻ വരുന്ന എല്ലാവരെയും നോക്കി ചിരിക്കും. ഓട്ടോഗ്രാഫ് കൊടുക്കാനും കൈവീശി കാണിക്കാലൊന്നും മടിയില്ല. പക്ഷേ സംസാരം കുറവാണ്”.

maathu jacob, amaram

വിവാഹശേഷം അഭിനയിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മാതു പറഞ്ഞു. ”അമേരിക്കയിലേക്ക് വന്നതോടെ യാത്ര ബുദ്ധിമുട്ടായി. മക്കളായപ്പോൾ ഇൻഡസ്ട്രിയുമായുളള ബന്ധവും വിട്ടു. ജെയ്മി എട്ടിലും ലൂക്ക് ആറാം ക്ലാസിലുമാണ്. ഇവിടെ ഒറ്റയ്ക്കിരിക്കാൻ വയ്യാതെയാണ് ഡാൻസ് ക്ലാസ് തുടങ്ങിയത്. സിനിമകൾ കാണാറുണ്ട്. മഞ്ജു വാരിയരുടെ സിനിമകൾ വലിയ ഇഷ്ടമാണ്. അമേരിക്കയിൽ ചിത്രീകരിക്കുന്ന സിനിമകളിൽ വേഷം വന്നാൽ തീർച്ചയായും അഭിനയിക്കും. ഒരു കാര്യത്തിൽ ഇപ്പോൾ വിഷമമുണ്ട്. എന്നെ സ്നേഹിച്ച പ്രേക്ഷകരോട് ഒന്നും പറയാതെ പെട്ടെന്നു പൊയ്ക്കളഞ്ഞു. എല്ലാവരോടും യാത്ര പറഞ്ഞ്, അനുഗ്രഹം വാങ്ങിയാണ് പോകേണ്ടിയിരുന്നത്. അങ്ങനെ ചെയ്യാതിരുന്നതിനു ക്ഷമ ചോദിക്കുന്നു”വെന്നും മാതു അഭിമുഖത്തിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ