അച്ഛനെ നഷ്ടപ്പെട്ട വേദനയിൽ നിന്നും താനും കുടുംബവും കരകയറുകയാണെന്നും ജീവിത്തിതന്റെ ഒരു പുതിയ അധ്യായമാണ് ഇപ്പോൾ തങ്ങൾ ജീവിക്കുന്നതെന്നും നടി അമല പോൾ. തന്റെ അമ്മയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച്, തങ്ങൾ ഇരുവരും ഫീനിക്സ് പക്ഷികളെ പോലെ ജീവിതത്തിലേക്ക് പറന്നുയരുകയാണെന്ന് അമല പറയുന്നു.
“ഒരു രക്ഷിതാവിനെ നഷ്ടപ്പെടുക എന്നത് പറഞ്ഞറിയിക്കാനാകാത്ത അനുഭവമാണ്. നിങ്ങൾ വീണു പോകുകയും തിരിച്ചറിയാനാകാത്ത ഒരു ഇരുട്ടിലേക്ക് വഴുതിയിറങ്ങുകയും വിവിധ തരത്തിലുള്ള വികാരങ്ങൾ അനുഭവിക്കുകയും ചെയ്യും. പപ്പയെ ക്യാൻസർ കീഴടക്കിയപ്പോൾ എന്റെ ജീവിതം മറ്റൊരു തലത്തിലേക്കാണ് തുറന്നത്. ഞാൻ പല കാര്യങ്ങളും തിരിച്ചറിഞ്ഞു തുടങ്ങി,” എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന കുറിപ്പിൽ അമല ജീവിതത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചുമെല്ലാം പറയുന്നുണ്ട്.
അച്ഛനെ നഷ്ടപ്പെട്ടതോടെ താനും അമ്മയും വിഷാദത്തിന്റെ കയങ്ങളിലേക്ക് പോയിരുന്നുവെന്നും എന്നാൽ സ്നേഹം കൊണ്ടും സാന്ത്വനം കൊണ്ടും വീണ്ടും ഫീനിക്സ് പക്ഷിയെ പോലെ ജീവിതത്തിലേക്ക് തങ്ങൾ പറന്നുയവർന്നുവെന്നും അമല പറയുന്നു.
എല്ലായെപ്പോഴും പിന്തുണയുമായി കൂടെ നിന്നത് തന്റെ സഹോദരനാണെന്നും ഏറ്റവുമധികം നന്ദിയുള്ളതും സഹോദരനോടാണെന്നും പറഞ്ഞുകൊണ്ടാണ് അമല പോൾ കുറിപ്പ് അവസാനിപ്പിക്കുന്നത്.