ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘ആടൈ’ എന്ന തമിഴ് ചിത്രത്തിൽ വളരെ ബോൾഡ് ആയ കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോൾ അവതരിപ്പിച്ചത്. രത്‌നകുമാർ സംവിധാനം ചെയ്ത ചിത്രം തമിഴ് സിനിമാ ചരിത്രത്തിലെ ധീരമായ ശ്രമമായിരുന്നു. 40 മിനിറ്റോളം അമല സ്ക്രീനിൽ പൂർണ നഗ്നയായാണ് അഭിനയിച്ചത്.
അടുത്തിടെയാണ് അമല തന്റെ 29ാം ജന്മദിനം ആഘോഷിച്ചത്. ബാലിയിലായിരുന്നു ജന്മദിനാഘോഷം. ബാലിയിലെ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് അമല ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
കാമത്തിന്റെയും ആസക്തികളുടെയും സ്ത്രീ ലൈംഗികതയുടെയും കഥ പറഞ്ഞ ‘ലസ്റ്റ് സ്റ്റോറീസി’ൽ കെയ്റ അദ്വാനി ചെയ്ത കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെബ് സീരീസുകളുടെ ലോകത്തേക്കും ചുവടുവയ്ക്കുകയാണ് അമല പോൾ. തെലുങ്ക് റീമേക്കിലാണ് അമല അഭിനയിക്കുന്നത്. ജഗപതി ബാബുവും ഈ സെഗ്മെന്റിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. റോണി സ്ക്രൂവാലയാണ് സീരിസ് നിർമിക്കുന്നത്.
Read More: വെബ് സീരീസ് ലോകത്തേക്ക് ചുവടുവച്ച് അമലയും സാമന്തയും കാജോളും
അനുരാഗ് കശ്യപ്, സോയ അക്തർ, ദിബാകർ ബാനർജി, കരൺ ജോഹർ എന്നിവരായിരുന്നു ‘ലസ്റ്റ് സ്റ്റോറീസ്’ എന്ന ആന്തോളജി സിനിമയിലെ സംവിധായകർ. കൂട്ടത്തിൽ കരൺ ജോഹർ സംവിധാനം ചെയ്ത സെഗ്മെന്റിൽ ആയിരുന്നു കെയ്റ അദ്വാനി അഭിനയിച്ചത്. ചിത്രത്തിലെ ചില ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് കെയ്റ അദ്വാനിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടത്. കാമം പുരുഷന് മാത്രമുള്ള ആനന്ദമാണെന്ന പരമ്പരാഗതമായ തെറ്റിദ്ധാരണകളെയും ചിന്തകളെയുമാണ് കരൺ ജോഹർ ഈ സെഗ്മെന്റിലൂടെ ചോദ്യം ചെയ്തത്. വളരെ ധീരമായ ആ കഥാപാത്രത്തെ അമല എങ്ങനെ അവതരിപ്പിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് താരത്തിന്റെ ആരാധകർ.
മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും വിജയിച്ചില്ല. 2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.