അമല പോളും തമിഴ് താരം വിഷ്ണു വിശാലും വിവാഹിതരാവുന്നു എന്ന വാർത്തകളാണ് കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ ഇരുവരും ഒന്നിച്ച് അഭിനയിച്ച ‘രാക്ഷസൻ’ എന്ന ചിത്രം സൂപ്പർഹിറ്റാവുകയും ഇരുവരുടെയും അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തതോടെയാണ് വിവാഹവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ‘രാക്ഷസൻ’ എന്ന ചിത്രത്തിലെ ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും സിനിമയ്ക്കു പുറത്തെ രണ്ടുപേരുടെയും സൗഹൃദവുമൊക്കെ ഗോസിപ്പിന് ആക്കം കൂട്ടി.
ഈ നവംബറിൽ മുൻഭാര്യ രഞ്ജിനി നടരാജുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയ വാർത്ത തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വിഷ്ണു വിശാൽ ആരാധകരുമായി പങ്കുവച്ചിരുന്നു. അതോടെ വിഷ്ണു വിവാഹമോചനം നേടിയത് അമലയ്ക്ക് വേണ്ടിയാണെന്നും, ഇരുവരും പ്രണയത്തിലാണെന്നും ഉടനെ വിവാഹിതരാവും എന്ന രീതിയിലേക്ക് അഭ്യൂഹങ്ങൾ ശക്തമായി. സംവിധായകൻ എ.എല്‍.വിജയ്‌യുമായി വിവാഹബന്ധം വേർപ്പെടുത്തിയ അമല പോൾ പുനർവിവാഹത്തിനൊരുങ്ങുന്നു എന്നും മുൻപ് വാർത്തകളുണ്ടായിരുന്നു.
എന്നാൽ, വാർത്തകൾ നിഷേധിച്ച് രംഗത്തു വന്നിരിക്കുകയാണ് വിഷ്ണു വിശാൽ. അമല പോളും താനും വിവാഹിതരാവാന്‍ പോവുന്നു എന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും ദയവായി ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ട്വിറ്ററിലൂടെ അഭ്യർത്ഥിക്കുകയാണ് താരം. “എന്തൊരു വിചിത്രമായ വാർത്തയാണ്. കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറൂ. ഞങ്ങളും മനുഷ്യരാണ്, ഞങ്ങൾക്കും കുടുംബവും ജീവിതവുമുണ്ട്. വെറുതെ ഇത്തരം വാർത്തകൾ എഴുതിപ്പിടിപ്പിക്കരുത്, പ്ലീസ്” വിശാൽ വാർത്തകളോട് പ്രതികരിക്കുന്നു.
Wat a stupid news..plz b responsible ..we r humans too n v hav lives n family..just dnt write anything for d sake of it.. https://t.co/DL88C1goVn
— VISHNUU VISHAL – VV (@vishnuuvishal) November 27, 2018
തന്റെ പുതിയ ചിത്രം ‘സിൽക്കുവാർപെട്ടി സിങ്കം’ എന്ന ചിത്രത്തിന്റെ റിലീസിന്റെ തിരിക്കിലാണ് വിഷ്ണു ഇപ്പോൾ. ‘അതോ അന്ത പറവയ് പോലെ’, ‘ആടൈ’, ‘ആടുജീവിതം’ തുടങ്ങിയ ചിത്രങ്ങളാണ് അമലയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.