പോയകാലത്തിന്റെ നല്ലതും ചീത്തയുമായ ഓർമ്മകളെയെല്ലാം മനനം ചെയ്ത് പ്രതീക്ഷയുടെ പുതിയ വർഷത്തെ വരവേൽക്കുകയാണ് ലോകം. പുതുവർഷത്തെ വരവേൽക്കാൻ പ്രിയപ്പെട്ടവർക്കൊപ്പം ഇഷ്ടപ്പെട്ട ദേശങ്ങളിലാണ് താരങ്ങളിൽ പലരും. ചിലരൊക്കെ ലൊക്കേഷനുകളിൽ തന്നെ സഹപ്രവർത്തകർക്കൊപ്പം പുതുവർഷത്തെ വരവേൽക്കുന്നു. എന്നാൽ പുതുവർഷത്തിൽ അമല പോൾ ഓർത്തെടുക്കുന്നത് കഴിഞ്ഞ ന്യൂ ഇയർ യാത്രയിലെ ദീപ്തമായ ഓർമ്മകളാണ്. ഉത്തർക്കാശിയിലെ ദോഡിതാലിലേക്കായിരുന്നു കഴിഞ്ഞ വർഷത്തെ അമലാ പോളിന്റെ ന്യൂ ഇയർ ട്രിപ്പ്.

“2018 നോട് വിട പറയാൻ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ഞാനെന്റെ കഴിഞ്ഞ വർഷത്തെ ന്യൂ ഇയർ യാത്ര ഒാർക്കുകയാണ്. ദോഡിതാലിലെ എന്റെ​ അനുഭവം ലോകവുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു. ഗണപതിയുടെ ജന്മസ്ഥലമായ ഉത്തർക്കാശിയിലെ മഞ്ഞുതൊപ്പികൾ​​​ അണിഞ്ഞ പർവ്വതനിരകളിലേക്കുള്ള ആ യാത്ര മറക്കാനാവില്ല. യാത്രയ്ക്കിടെ പരിചയപ്പെട്ട ഡോഡി എന്ന നായക്കുട്ടിയേയും. ഡോഡി കൂടെയുള്ളപ്പോൾ ഞങ്ങൾക്കൊന്നും ഭയക്കാനില്ലായിരുന്നു, ഡോഡിയുള്ളപ്പോൾ ചെന്നായ്ക്കൾ പോലും മുന്നിൽ വരാൻ മടിക്കും. ഡോഡിയ്‌ക്കൊപ്പം ഒളിഞ്ഞിരിക്കുന്ന നിധിപോലെ മനോഹരമായ ആ മലനിരകളിലേക്ക് ഞങ്ങൾ ട്രക്കിംഗ് നടത്തി. ഇന്ന് ഇവിടെ ഇരുന്ന് ആ മനോഹരമായ യാത്രയെ കുറിച്ചോർക്കുമ്പോൾ, ദൈവം നിഗൂഢമായ വഴികൾ കാണിച്ചുതരികയാണ് എന്നു മനസ്സിലാവുന്നു. നമുക്കൊരു ആവശ്യം വരുമ്പോൾ പ്രാർത്ഥിക്കേണ്ടതില്ല, എല്ലായ്‌പ്പോഴും ദൈവം കൂടെയുണ്ടാവും, എല്ലാം നിരീക്ഷിക്കുന്ന മഹത്തായ ശക്തിയായി അവനുണ്ടെന്ന് ഓർർമ്മപ്പെടുത്തികൊണ്ട്,” അമലാപോൾ കുറിക്കുന്നു.

ന്യൂ ഇയർ രാത്രിയിൽ തന്റെ ആരാധകർക്കായി പുതിയ തമിഴ് ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനവും അമല പോൾ നടത്തി. ഫോറൻസിക് ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലറാണ് പുതിയ ചിത്രം. അനൂപ് പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. എ ജെ ഫിലിംസ്, അജയ് പണിക്കർ, വൈറ്റ് സ്ക്രീൻ മീഡിയ, പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളികളായ സംവിധായകനും തിരക്കഥാകൃത്തുമാണ് ചിത്രത്തിനു പിറകിൽ എന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രത്തിന്റെ പേര് ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.

ഒരു യഥാർത്ഥ സംഭവകഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണ് ഇതെന്ന് അമല പോൾ പറയുന്നു. കേരള പൊലീസിന്റെ മുൻ സർജൻ ഡോ ബി ഉമാദത്തൻ കൈൈകാര്യം ചെയ്ത ഒരു യഥാർത്ഥ കേസിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ‘ഒരു പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ’എന്ന പുസ്തകത്തിൽ നിന്നും പ്രചോദനമുൾകൊണ്ട് എഴുതപ്പെട്ട കഥയാണെന്നും അമല വ്യക്തമാക്കി. ചിത്രത്തിൽ ചീഫ് ഫോറൻസിക് സർജനായ ഡോ. ഭദ്ര എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്.

ഇന്ത്യൻ സിനിമയിൽ തന്നെ വ്യത്യസ്തമായൊരു ട്രീറ്റ്‌മെന്റും പ്രമേയവുമായി എത്തുന്ന ഈ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിൽ സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തിയ അമല, തന്റെ സുഹൃത്തും മാനേജറുമായ പ്രദീപ് കുമാർ ഈ ചിത്രത്തിലൂടെ നിർമ്മാണരംഗത്തേക്ക് കടക്കുന്നതിലുള്ള സന്തോഷവും പങ്കുവെച്ചു. ചെന്നൈ, കോയമ്പത്തൂർ എന്നീ ലൊക്കേഷനുകളിലായി മാർച്ച് മാസത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തരുടെ ശ്രമം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook