തെന്നിന്ത്യൻ താരം അമല പോളും സിനിമാനിർമ്മാണരംഗത്തേക്ക് പ്രവേശിക്കുന്നു. പ്രശസ്ത ഫോറൻസ്റ്റിക് സർജൻ ബി ഉമാദത്തന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ഒരു പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന ‘കഡാവർ’ എന്ന ചിത്രമാണ് അമല നിർമ്മിക്കുന്നത്. ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും അമല തന്നെ. ചിത്രത്തിൽ ഫോറൻസ്റ്റിക് പതോളജിസ്റ്റ് ആയാണ് അമലയെത്തുന്നത്.
മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി ഉപയോഗിക്കുന്ന ‘ഡെഡ് ബോഡി’യെയാണ് കഡാവർ എന്നു പറയുന്നത്. തമിഴ് സിനിമ ഇതുവരെ പ്രമേയമാക്കാത്തൊരു വിഷയമാണ് ‘കഡാവർ’ പറയുന്നതെന്ന് അമല പറഞ്ഞു. നവാഗത സംവിധായകനായ അനൂപ് പണിക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
“നമ്മൾ കുറ്റാന്വേഷണ സിനിമകളിൽ ഈ കഥാപാത്രത്തെ കണ്ടിട്ടുണ്ടാവും. എന്നാൽ അങ്ങനെയൊരു കഥാപാത്രം കേന്ദ്രകഥാപാത്രമായി വരുന്ന ഒരു മുഴുനീള കഥ ആദ്യമായിട്ടായിരിക്കും. ഒരു ഫോറൻസിക് പതോളജിസ്റ്റിനെ അവതരിപ്പിക്കാൻ നല്ല പക്വതയും വിഷയത്തെ കുറിച്ചുള്ള അറിവും വേണം. പ്രശസ്ത ഫോറൻസ്റ്റിക് സർജനായ ഡോ ഉമാദത്തന്റെ ‘ഒരു പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് അഭിലാഷ് പിള്ള സ്ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്. ആ പുസ്തകം വായിച്ചപ്പോൾ കഥാപാത്രത്തെ കുറിച്ച് എനിക്ക് കൂടുതൽ ഉൾക്കാഴ്ചകൾ ലഭിച്ചു. അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തിരുന്നു,” ടൈംസ് ഒാഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അമല പോൾ പറഞ്ഞു.
Read more: ആടുജീവിതത്തിനായി പൃഥ്വി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചിരിക്കുകയാണ്: അമല പോള്‍
‘കഡാവറി’ന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. അതുല്യ, ഹരിഷ് ഉത്തമൻ, രമേഷ് ഖന്ന എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിന്റെ സംഗീതം
ജേക്സ് ബിജോയും ഛായാഗ്രഹണം അരവിന്ദ് സിംഗും എഡിറ്റിംഗ് സാൻ ലോകേഷും നിർവ്വഹിക്കും. ‘കഡാവറി’ന്റെ തിരക്കഥയിലുള്ള വിശ്വാസമാണ് തന്നെ നിർമ്മാതാവാക്കി മാറ്റിയതെന്നും ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയം നോക്കി കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അമല വ്യക്തമാക്കുന്നു. തമിഴിനൊപ്പം മലയാളത്തിലും ‘കഡാവർ’ റിലീസിനെത്തും.
‘അതോ അന്ത പറവൈ പോലൈ,’ ‘ആടൈ’ എന്നിവയാണ് അമലയുടെ ഈ വർഷം റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങൾ.