‘ആടൈ’ അമല പോളിന്റെ കരിയറിന്റെ ധീരമായ ചുവടുവെപ്പുകളിൽ ഒന്നായിരുന്നു. ഇപ്പോഴിതാ, നെറ്റ് ഫ്ളിക്സിൽ ഏറെ ശ്രദ്ധ നേടിയ ‘ലസ്റ്റ് സ്റ്റോറീസി’ന്റെ തെലുങ്ക് റീമേക്കിൽ മറ്റൊരു ബോൾഡ് കഥാപാത്രമായെത്തുകയാണ് അമല. കാമത്തിന്റെയും ആസക്തികളുടെയും സ്ത്രീ ലൈംഗികതയുടെയും കഥ പറഞ്ഞ ‘ലസ്റ്റ് സ്റ്റോറീസി’ൽ കെയ്റ അദ്വാനി ചെയ്ത കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ജഗപതി ബാബുവും ഈ സെഗ്മെന്റിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. റോണി സ്ക്രൂവാലയാണ് സീരിസ് നിർമ്മിക്കുന്നത്.

അനുരാഗ് കശ്യപ്, സോയ അക്തർ, ദിബാകർ ബാനർജി, കരൺ ജോഹർ എന്നിവരായിരുന്നു ‘ലസ്റ്റ് സ്റ്റോറീസ്’ എന്ന ആന്തോളജി സിനിമയിലെ സംവിധായകർ. കൂട്ടത്തിൽ കരൺ ജോഹർ സംവിധാനം ചെയ്ത സെഗ്മെന്റിൽ ആയിരുന്നു കെയ്റ അദ്വാനി അഭിനയിച്ചത്. ചിത്രത്തിലെ ചില ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് കെയ്റ അദ്വാനിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടത്. കാമം പുരുഷന് മാത്രമുള്ള ആനന്ദമാണെന്ന പരമ്പരാഗതമായ തെറ്റിദ്ധാരണകളെയും ചിന്തകളെയുമാണ് കരൺ ജോഹർ ഈ സെഗ്മെന്റിലൂടെ ചോദ്യം ചെയ്തത്. വളരെ ധീരമായ ആ കഥാപാത്രത്തെ അമല എങ്ങനെ അവതരിപ്പിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് താരത്തിന്റെ ആരാധകർ.

നന്ദിനി റെഡ്ഡിയാണ് അമല അഭിനയിക്കുന്ന സെഗ്മെന്റ് സംവിധാനം ചെയ്യുന്നത്. മറ്റു സെഗ്മെന്റുകൾ സങ്കൽപ്പ് റെഡ്ഡി, തരുൺ ഭാസ്കർ, സന്ദീപ് റെഡ്ഡി വാൻഗ എന്നിവരും സംവിധാനം ചെയ്യും. “സ്വാഭാവിക അഭിനയം, റിയലിസ്റ്റികായ പ്രകടനം, അനായാസമായി കഥാപാത്രമായി മാറാനുള്ള അമലയുടെ കഴിവ് എന്നിവ കണക്കിലെടുത്താണ് നന്ദിനി റെഡ്ഡി അമലയെ തെരെഞ്ഞെടുത്തത്. ഈ കഥാപാത്രം സ്വാഭാവികമായ പ്രകടനം ആവശ്യപ്പെടുന്നതിനാൽ അമലയെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനായി അമലയെ സമീപിച്ചപ്പോൾ അമലയും ആവേശഭരിതയായിരുന്നു,” ലസ്റ്റ് സീരിസിന്റെ അണിയറപ്രവർത്തകർ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

Read more: എന്റെ ഒപ്പം നില്‍ക്കാന്‍ വേണ്ടി എല്ലാം ത്യജിച്ച ആള്‍: പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്ന് അമലാ പോള്‍

പെണ്ണുടലിന്റെ രാഷ്ട്രീയവും സ്വാതന്ത്ര്യവും ചർച്ച ചെയ്ത അമല പോളിന്റെ ‘ആടൈ’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രത്ന കുമാറാണ് ക്രൈം തില്ലറായ ‘ആടൈ’യുടെ സംവിധായകൻ. ഏറെ നഗ്നതാപ്രദർശനമുള്ള ചിത്രത്തിന് എ സർട്ടിഫിക്കറ്റ്​ ആണ് സെൻസർ ബോർഡ് നൽകിയത്. ചിത്രത്തിലെ അമലയുടെ പ്രകടനം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook