ബെന്യാമിന്‍റെ ‘ആടു ജീവിതം’ എന്ന സിനിമയെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന മെഗാ ബജറ്റ് ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ നായികായി എത്തുന്നത്‌ അമലാ പോള്‍. അമല തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ചതാണ് ഈ വിവരം. ചിത്രത്തില്‍ നായകന്‍ നജീബിന്റെ ഭാര്യ സൈനുവിന്‍റെ വേഷത്തില്‍ എത്താന്‍ അവസരം കൈവന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നു അമല കുറിച്ചു.

“എല്ലാ മലയാളിയുടേയും മനസ്സില്‍ ഒരു നൊമ്പരമായ് അവശേഷിച്ച കഥാപാത്രമാണ് ബെന്യാമിന്റെ ക്ലാസ്സിക് നോവല്‍ ആട് ജീവിതത്തിലെ സൈനു. മനോഹരമായ തിരക്കഥയില്‍ ഈ ആട് ജീവിതം ഒരു 3 D ദൃശ്യ കാവ്യമാകാന്‍ ഒരുങ്ങുന്നു. അഭിനയ ജീവിതത്തിലെ രണ്ടു വര്‍ഷങ്ങള്‍ മാറ്റി വച്ച്, കഠിന പ്രയത്നത്തിലൂടെ പൃഥ്വി ഇതിലെ നജീബ് ആകാന്‍ തയ്യാറെടുക്കുന്നു. സംഗീതത്തിലെ ലെജന്‍ഡ് എ ആര്‍ റഹ്മാന്‍ 25 വര്‍ഷങ്ങള്‍ക്കു ശേഷം മലയാളിത്തിലേക്ക് മടങ്ങി എത്തുന്നു. ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദവും ഇന്ത്യയിലെ മികച്ച ക്യാമറമാന്മാരില്‍ ഒരാളായ കെ യു മോഹനന്‍ ദൃശ്യവും ഒരുക്കുന്നു. ‘ആട് ജീവിതം’, ലോക സിനിമയില്‍ തന്നെ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് തീര്‍ച്ച. ഇതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു. ഇതിനു നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും പിന്തുണയും ആഗ്രഹിക്കുന്നു”.

 

മലയാള സാഹിത്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ് ബെന്യാമിന്‍റെ ആടു ജീവിതം. ഗള്‍ഫിലെ മരുഭൂമിയില്‍ നടന്ന സംഭവത്തിനെ ആസ്പദമാക്കിയ നോവല്‍ മലയാളത്തിലെ ഏറെ വായിക്കപ്പെട്ട പുസ്തകങ്ങളില്‍ ഒന്നാണ്. പ്രതികൂല സാഹചര്യങ്ങളില്‍ മരുഭൂമിയിലെ ഏകാന്തവാസവും, നരകയാതനയും നേരിട്ട നജീബിന്റെ കഥയാണ് ആട് ജീവിതം. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് എന്ന മുഖവുരയിലാണ് ബെന്യാമിന്‍റെ ഈ നോവല്‍ ആസ്വാദകരിലെത്തിയത്. അടുത്തറിഞ്ഞ ആ ജീവിതത്തെ ആധാരമാക്കി ബെന്യാമിന്‍ ഒരുക്കിയ നോവലായിരുന്നു ആടു ജീവിതം.

പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ആടു ജീവിതം നിര്‍മ്മിക്കുന്നത്. കുവൈറ്റ്, ദുബായ്, ഒമാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലാവും ചിത്രീകരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook