മലേഷ്യയിലെ ഷോയ്ക്കിടെ തന്നോട് അശ്ലീല ചുവയോടെ സംസാരിച്ച വ്യക്തിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി അമല പോൾ. തന്റെ ഏറ്റവും പുതിയ ഫോൺ നമ്പർ പോലും അയാൾക്ക് അറിയാമെന്നും മലേഷ്യയിലെ ഷോയിൽ പങ്കെടുക്കുന്ന മുഴുവൻ താരങ്ങളുടെയും വിവരങ്ങളും അയാളുടെ കൈവശം ഉണ്ടായിരുന്നുവെന്നും അമല വാർത്താക്കുറിപ്പിൽ പറഞ്ഞു.

ജനുവരി 31 ന് ചെന്നൈയിലെ സ്റ്റുഡിയോയിൽ ഡാൻസ് പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഒരാൾ കയറി വന്നത്. പരിപാടിയുമായി ബന്ധപ്പെട്ട സുപ്രധാനമായൊരു കാര്യം ചർച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞു. മലേഷ്യയിലെ പരിപാടിക്കുശേഷം എനിക്കായി പ്രത്യേക ഡിന്നർ ഒരുക്കുന്നുണ്ടെന്നും പറഞ്ഞു. എന്ത് ഡിന്നറാണെന്ന് ചോദിച്ചപ്പോൾ വെറുതെ വിഡ്ഢിയായി അഭിനയിക്കരുത്, നിങ്ങൾ കുട്ടിയൊന്നുമല്ലല്ലോ എന്നാണ് അയാൾ പറഞ്ഞത്. എന്റെ മറുപടിക്കായി പുറത്ത് കാത്തുനിൽക്കാമെന്ന് പറഞ്ഞ് അയാൾ സ്റ്റുഡിയോയിൽനിന്ന് പോയി.

അയാൾ പോയ ഉടനെ ജീവനക്കാരെ സഹായത്തിനായി ഞാൻ വിളിച്ചു. അയാൾ സ്റ്റുഡിയോയ്ക്ക് പുറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. ജീവനക്കാർ അടുത്തേക്ക് വരുന്നത് കണ്ട് അയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അവള്‍ക്ക് വേണ്ടെങ്കില്‍ വേണ്ട എന്നു പറയാമല്ല, ഇതില്‍ എന്താണ് ഇത്ര വലിയ വിഷയം ഇരിക്കുന്നത് എന്നായിരുന്നു ഓടുമ്പോൾ അയാൾ ചോദിച്ചത്. എന്റെ ജീവനക്കാർ അയാളെ പിടികൂടി സ്റ്റുഡിയോയ്ക്കുളളിൽ പൂട്ടിയിട്ടു.

അയാള്‍ ഒരു വലിയ സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അയാളുടെ പക്കൽ എന്റെ ഏറ്റവും പുതിയ ഫോൺ നമ്പർ ഉണ്ടായിരുന്നു. ഷോയിൽ പങ്കെടുക്കുന്ന മുഴുവൻ താരങ്ങളുടെയും വിവരങ്ങളും അയാളുടെ പക്കൽ ഉണ്ടായിരുന്നു. ഇയാളെ പിന്നീട് മാമംഗലം പൊലീസിൽ ഏൽപ്പിച്ചു. സ്റ്റേഷനിലെത്തി ഞാൻ കേസും കൊടുത്തു.

ആ സംഘത്തിലെ രണ്ട് കണ്ണികളെ പൊലീസ് പിടികൂടി. സംശയിക്കുന്നവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുമുണ്ട്. ഈ റാക്കറ്റിലെ മുഴുവന്‍ ആളുകളുടെയും പേരുവിവരങ്ങള്‍ പരസ്യമാക്കണം എന്നാണ് എനിക്ക് പൊലീസിനോട് അപേക്ഷിക്കാനുള്ളത്. ആരാണ് യഥാര്‍ഥ കുറ്റക്കാരെന്ന് മനസ്സിലാക്കാതെയും അന്ന് എന്താണ് അവിടെ സംഭവിച്ചതെന്ന് അറിയാതെയും ചില മാധ്യമങ്ങള്‍ എന്തെക്കൊയോ എഴുതി വിടുകയാണ്. ഈ വിഷയത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനെ ബാധിക്കരുത് എന്നു കരുതിയാണ് ഇതുവരെ മിണ്ടാതിരുന്നത്. ഇത്തരം വിലകുറഞ്ഞ മാധ്യമപ്രവര്‍ത്തനത്തിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഞാന്‍ മടിക്കില്ല. എന്റെ മാനേജര്‍ പ്രദീപ് കുമാര്‍ തെറ്റായി എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് ചെന്നൈ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല- അമല വാർത്താക്കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ ജനുവരി 31 നാണ് മലേഷ്യയിലെ ഷോയ്ക്കായി പരിശീലനം നടത്തുന്നതിനിടയിൽ അമല പോളിനോട് ഒരാൾ മോശമായി സംസാരിച്ചത്. ഈ സംഭവത്തിൽ അമലയുടെ മാനേജർക്കും പങ്കുണ്ടെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. തുടർന്നാണ് അമല വിശദീകരണവുമായി വീണ്ടും രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ