അമല പോളിന്റെ കരിയറിലെ തികച്ചും ബോൾഡായ കഥാപാത്രമാണ് ‘ആടൈ’ സിനിമയിൽ താരം അവതരിപ്പിച്ചത്. ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ പല കോണിൽനിന്നും അമലയ്ക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ഉയരുന്നുണ്ട്. തന്റെ ചിത്രം കണ്ടിറങ്ങുന്നവരുടെ അഭിപ്രായം നേരിട്ട് കേൾക്കാനായി അമല പോളും തിയേറ്ററിലെത്തി. റിപ്പോർട്ടറുടെ വേഷത്തിലാണ് അമല എത്തിയത്.

Read Here: TamilRockers leaks Aadai movie online: അമല പോളിന്റെ ‘ആടൈ’ റാഞ്ചി തമിഴ് റോക്കേഴ്സ്

ചിത്രം കണ്ടിറങ്ങിയവരോട് അഭിപ്രായം ചോദിച്ചപ്പോൾ പലരും അമലയുടെ പെർഫോമൻസിനെക്കുറിച്ചാണ് പറഞ്ഞത്. അഭിപ്രായം കേട്ടശേഷമാണ് താൻ ആരാണെന്ന് അമല വെളിപ്പെടുത്തിയത്. തൊപ്പിയും കണ്ണടയും വച്ച അമലയെ ഒറ്റനോട്ടത്തിൽ ആർക്കും മനസിലായില്ല. തൊപ്പി മാറ്റിയപ്പോഴാണ് പലരും അമലയെ കണ്ട് അമ്പരന്നത്. സിനിമയുടെ സംവിധായകനായ രത്‌നകുമാര്‍, നടന്മാരായ രോഹിത്, ഗോപി എന്നിവരും അമലയ്ക്കൊപ്പം തിയേറ്ററില്‍ എത്തിയിരുന്നു.

ജൂലൈ 19 നാണ് ആടൈ തിയേറ്ററുകളിലെത്തിയത്. ക്രൈം തില്ലറായ ‘ആടൈ’ സിനിമയുടെ സംവിധായകൻ രത്ന കുമാറാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളിന്റെ ചിത്രമായിരുന്നു പോസ്റ്ററിൽ നിറഞ്ഞത്. അസ്വസ്ഥതയുണർത്തുന്ന പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

Read Also: ‘വിവാദ ബെൻസ്’ വിറ്റെന്ന് അമല പോൾ

പെണ്ണുടലിന്റെ രാഷ്ട്രീയവും സ്വാതന്ത്ര്യവുമാണ് ‘ആടൈ’ ചർച്ച ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിവേക് പ്രസന്ന, ബിജിലി രമേഷ് എന്നിവരാണ് മറ്റു താരങ്ങൾ. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്. ഏറെ നഗ്നതാപ്രദർശനമുള്ള ചിത്രത്തിന് എ സർട്ടിഫിക്കറ്റ്​ ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook