സിനിമാ തിരക്കുകളിൽനിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് അമല പോൾ. ബാലിയിൽ അവധികാലം ആഘോഷിക്കുകയാണ് താരം. അവിടെ വച്ച് പകർത്തിയ ചിത്രങ്ങളും വീഡിയോയുമൊക്കെ ആരാധക ശ്രദ്ധ നേടിയിരുന്നു. അമ്മയുടെ പിറന്നാൾ ദിവസം അമല നൽകിയ സമ്മാനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ചത്.
ബാലിയിൽ നിന്നായിരുന്നു അമലയുടെ പിറന്നാൾ സമ്മാനം. അന്നീസ് പോൾ എന്നാണ് താരത്തിന്റെ അമ്മയുടെ പേര്. ഒരു മരം ആണ് പിറന്നാൾ സമ്മാനമായി അമല അമ്മയ്ക്കു നൽകിയത്. മാങ്കോസ്റ്റീൻ ആണ് അമല വച്ചത്. ബാലിയിൽ നിന്നുള്ള അമലയുടെ സുഹൃത്തുക്കളെയും വീഡിയോയിൽ കാണാം. വീഡിയോയിലൂടെ അമ്മയ്ക്ക് പിറന്നാൾ ആശംസകളും താരം പറയുന്നുണ്ട്.
“പിറന്നാൾ ആശംസകൾ മമ്മീ, എനിക്ക് ജന്മം നൽകിയതിനു നന്ദി, ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. പിറന്നാൾ ദിവസം ഞാനവിടെ ഇല്ലാത്തതിനു ക്ഷമ ചോദിക്കുന്നു. പക്ഷെ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട പഴമായ മാങ്കോസ്റ്റീൻ ബാലിയുടെ മണ്ണിൻ ഞാൻ നടുകയാണ്” അമല പറയുന്നു. ലോകത്തുള്ള എല്ലാ അമ്മമാർക്കുമായി ഞാൻ ഇതിവിടെ നടുന്നു എന്നും താരം വീഡിയോയിൽ പറയുന്നുണ്ട്.
ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേയ്ക്കു തിരിച്ചുവന്നിരിക്കുകയാണ് അമല. വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചര്‍’ലൂടെയായിരുന്നു അമലയുടെ തിരിച്ചുവരവ്. മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ ആണ് അമലയുടെ മറ്റൊരു സിനിമ.ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് അമല എത്തിയത്. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘ആടുജീവിത’മാണ് അമല പോളിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.