സംവിധായകൻ സുശി ഗണേശന് എതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്വതന്ത്രസംവിധായികയും കവിയുമായ ലീന മണിമേഖലയ്ക്ക് പിന്തുണ നൽകിയതിനു പിന്നാലെ സംവിധായകനിൽ നിന്നും തനിക്കുണ്ടായ ദുരനുഭവം കൂടി തുറന്നു പറയുകയാണ് നടി അമല പോൾ.
ലീനയുടെ മീ ടൂ വെളിപ്പെടുത്തൽ താൻ വിശ്വസിക്കുന്നുവെന്നും സ്ത്രീകളോട് തെല്ലും ബഹുമാനം കാണിക്കാത്ത വ്യക്തിയാണ് സംവിധായകൻ സുശി ഗണേശൻ എന്നും ഇന്നലെ അമല അഭിപ്രായപ്പെട്ടിരുന്നു. സുശി ഗണേശന്റെ തിരുട്ടു പയലേ 2 വിലെ നായികയായിരുന്നു അമല. “തിരുട്ടു പയലേ2 ൽ നായികയായി അഭിനയിക്കുമ്പോൾ ദ്വയാർത്ഥ പ്രയോഗങ്ങൾ, അതൃപ്തിയുണ്ടാക്കുന്ന ശാരീരിക സ്പർശം എന്നിവയ്ക്കൊക്കെ ഞാനും ഇരയാകേണ്ടി വന്നിട്ടുണ്ട്. ആ സിനിമയുടെ ഷൂട്ടിങ് മാനസികമായി എനിക്കേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു,” തന്റെ ട്വിറ്റർ കുറിപ്പിലൂടെയാണ് സംവിധായകൻ സുശിക്കെതിരെ അമല വെളിപ്പെടുത്തൽ നടത്തിയത്.
#MeToo #MeTooIndia #LeenaManimekalai #susiganesan pic.twitter.com/Jt2sS685H5
— Amala Paul (@Amala_ams) October 24, 2018
ആദ്യ ട്വീറ്റിനു ശേഷം ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് മറ്റൊരു ട്വീറ്റുമായി താരം വീണ്ടുമെത്തി. തന്റെ ട്വീറ്റിനു ശേഷം സംവിധായകൻ സുശി ഗണേശനിൽ നിന്ന് തനിക്കൊരു ഫോൺ വന്നെന്ന കാര്യമാണ് അമല രണ്ടാമത്തെ ട്വീറ്റിലൂടെ പങ്കുവച്ചത്.
“എന്റെ ജീവിതത്തിൽ മറ്റൊരു ഞെട്ടിക്കുന്ന അനുഭവം കൂടിയുണ്ടായിരിക്കുന്നു. കുറച്ചു മുൻപ് സംവിധായകൻ സുശിയും അദ്ദേഹത്തിന്റെ ഭാര്യ മഞ്ജരിയും കൂടി എന്നെ വിളിച്ചു. എന്റെ നിലപാട് വിശദീകരിക്കാനായി ഞാൻ ഫോണെടുത്തു. ഞാൻ മഞ്ജരിയോട് സംസാരിച്ച് അവരെ ശാന്തയാക്കാൻ ശ്രമിക്കുന്നതിനിടയിൽ സുശി എന്നെ പുലഭ്യം പറയാൻ തുടങ്ങി. അതുകേട്ട് അയാളുടെ ഭാര്യ പൊട്ടിച്ചിരിക്കുന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. രണ്ടുപേരും കൂടി ചേർന്ന് എന്നെ അപമാനിച്ചു. എന്നെ ഭയപ്പെടുത്താനായിരുന്നു അവരുടെ ശ്രമം,” അമല പോൾ പറയുന്നു.
Just got the shock of my life! @DirectorSusi & @sgmanjari called &I picked up to explain the stand.While I was trying to pacify his wife; Susi strted abusing me&to my surprise his wife strted laughing&they both joined to slut shame me. De feel de can scare me with dese tactics
— Amala Paul (@Amala_ams) October 24, 2018
ലീനയ്ക്ക് പിന്തുണയുമായി അമല രംഗത്തെത്തിയതോടെ സുശിയുടെ ഭാര്യ മഞ്ജരിയും എന്ത് ആധികാരികതയുടെ പുറത്താണ് തന്റെ ഭർത്താവിനെതിരെ ആരോപണമുന്നയിക്കുന്നതെന്ന രീതിയിലുള്ള ചോദ്യങ്ങളുമായി ലീനയ്ക്കെതിരെ രംഗത്തുവന്നിരുന്നു.
“താൻ ബൈസെക്ഷ്വൽ ആണെന്ന് ലീന മണിമേഖലെ അഭിമാനത്തോടെയും തന്റേടത്തോടെയും പറയുന്നുണ്ടല്ലോ, അപ്പോൾ എന്റെ ചോദ്യങ്ങൾക്കും തന്റേടത്തോടെ ഉത്തരം നൽകട്ടെ. ഈ ആരോപണം ബാധിച്ച ഒരു ഭാര്യ എന്ന രീതിയിൽ മാധ്യമങ്ങൾ ലീനയോട് ചോദിച്ച അതേ ചോദ്യങ്ങൾ തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്. ഇന്റർവ്യൂ ചെയ്ത ദിവസം, സമയം, എത്രസമയമെടുത്തു ഇന്റർവ്യൂ, എവിടെ വച്ചാണ് സംഭവം നടന്നത് തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പറയൂ. ലീനയെ പിന്തുണയ്ക്കുന്നവരെല്ലാം ദയവായി ഈ കാര്യങ്ങൾ കൂടി വെളിപ്പെടുത്താൻ ആവശ്യപ്പെടൂ. ലീനയെ പോലുള്ള ഒരു ‘വിപ്ലവകവിയെ’ സംബന്ധിച്ച് ഇതെല്ലാം അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങളാണോ?” തന്റെ കുറിപ്പിൽ മഞ്ജരി ചോദിക്കുന്നു.
കഴിഞ്ഞ വർഷം മലയാളത്തിലെ ഒരു നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ 2005 ൽ തനിക്കുണ്ടായ ഒരു ദുരനുഭവം ഫെയ്സ്ബുക്കിലൂടെ ലീന മണിമേഖല പങ്കുവച്ചിരുന്നു. ഒരു സംവിധായകനൊപ്പം ഒരു കാറിൽ കുടുങ്ങിപ്പോയ അനുഭവം പങ്കുവച്ചെങ്കിലും അന്ന് ലീന സംവിധായകന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല.
“എനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് എഴുതാനുള്ള ധൈര്യം എനിക്ക് കൈവന്നിരിക്കുന്നു. ഒരു ടെലിവിഷൻ അവതാരകയായിരുന്ന കാലത്ത് എന്നെ കാറിൽ ലോക്ക് ചെയ്ത ആ സംവിധായകൻ സുശി ഗണേശനാണ്. കേൾക്കപ്പെടേണ്ട കൂടുതൽ ശബ്ദങ്ങൾ എനിക്കൊപ്പം ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. #മീ ടൂ”, എന്ന് കഴിഞ്ഞ ദിവസം ലീന മണിമേഖല വെളിപ്പെടുത്തൽ നടത്തിയിരുന്നു.