ഹോളി ആഘോഷങ്ങൾ കഴിഞ്ഞ് രണ്ട് ദിവസമായെങ്കിലും അതിന്റെ ഹങ്ങോവർ ഇനിയും മാറിയിട്ടില്ല നടി അമല പോളിന്. ആഘോഷ ചിത്രങ്ങൾ പങ്കുവക്കുന്നതും അമല ആഘോഷിക്കുകയാണ്. വെളുത്ത വസ്ത്രം നിറയെ നിറങ്ങാളാൽ നിറഞ്ഞ്, സന്തോഷത്തിലാറാടി നിൽക്കുന്ന അമല പോളിനെ ചിത്രങ്ങളിൽ കാണാം.

മുംബൈയിലായിരുന്നു അമല പോളിന്റെ ഹോളി ആഘോഷം. ജുഹുവിലെ റാസ്ബെറി റൈനോസെറോസിൽ നിരവധി സെലിബ്രിറ്റികളാണ് ഹോളി ആഘോഷിച്ചത്.

‘ആടൈ’ എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രത്തിന്റെ റിലീസിനായുള്ള​ തയ്യാറെടുപ്പിലാണ് അമല പോൾ. നെറ്റ് ഫ്ളിക്സിൽ ഏറെ ശ്രദ്ധ നേടിയ ‘ലസ്റ്റ് സ്റ്റോറീസി’ന്റെ തെലുങ്ക് റീമേക്കിൽ മറ്റൊരു ബോൾഡ് കഥാപാത്രമായെത്തുകയാണ് അമല. കാമത്തിന്റെയും ആസക്തികളുടെയും സ്ത്രീ ലൈംഗികതയുടെയും കഥ പറഞ്ഞ ‘ലസ്റ്റ് സ്റ്റോറീസി’ൽ കെയ്റ അദ്വാനി ചെയ്ത കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ജഗപതി ബാബുവും ഈ സെഗ്മെന്റിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. റോണി സ്ക്രൂവാലയാണ് സീരിസ് നിർമ്മിക്കുന്നത്.

Read More: അമലയും വിജയ്‌യും വിവാഹമോചിതരാകാന്‍ കാരണം ധനുഷ്; ആരോപണവുമായി വിജയ്‌യുടെ പിതാവ്

അനുരാഗ് കശ്യപ്, സോയ അക്തർ, ദിബാകർ ബാനർജി, കരൺ ജോഹർ എന്നിവരായിരുന്നു ‘ലസ്റ്റ് സ്റ്റോറീസ്’ എന്ന ആന്തോളജി സിനിമയിലെ സംവിധായകർ. കൂട്ടത്തിൽ കരൺ ജോഹർ സംവിധാനം ചെയ്ത സെഗ്മെന്റിൽ ആയിരുന്നു കെയ്റ അദ്വാനി അഭിനയിച്ചത്. ചിത്രത്തിലെ ചില ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് കെയ്റ അദ്വാനിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടത്. കാമം പുരുഷന് മാത്രമുള്ള ആനന്ദമാണെന്ന പരമ്പരാഗതമായ തെറ്റിദ്ധാരണകളെയും ചിന്തകളെയുമാണ് കരൺ ജോഹർ ഈ സെഗ്മെന്റിലൂടെ ചോദ്യം ചെയ്തത്. വളരെ ധീരമായ ആ കഥാപാത്രത്തെ അമല എങ്ങനെ അവതരിപ്പിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് താരത്തിന്റെ ആരാധകർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook