ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചതിന് ശേഷം ബോളിവുഡേ അരങ്ങേറ്റത്തിന് തയ്യാറെടുത്ത് അമല പോള്‍. ബോളിവുഡ് താരം അര്‍ജുന്‍ രാംപാലിനൊപ്പമാണ് അമല അഭിനയിക്കുന്നത്. നരേഷ് മല്‍ഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി ബോളിവുഡ് അവസരങ്ങള്‍ മുമ്പ് ലഭിച്ചിരുന്നെങ്കിലും നിരസിക്കുകയായിരുന്നുവെന്ന് അമല പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘നല്ല ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. ഓഫര്‍ വെച്ച് നീട്ടുന്നവരൊക്കെ പലപ്പോഴും ബിക്കിനിയില്‍ അഭിനയിക്കാന്‍ തയ്യാറാണോ എന്നാണ് ചോദിക്കുക. ഞാന്‍ തയ്യാറാണെന്ന് പറയും, പക്ഷെ അതല്ലാതെ വേറെ എന്താണ് എന്റെ റോളെന്ന് ഞാന്‍ തിരിച്ച് ചോദിക്കും. ഇത്തരത്തില്‍ ചില അവസരങ്ങള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. നരേഷ് ഒരു ചിത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ എനിക്ക് താത്പര്യം തോന്നി. അദ്ദേഹം തമിഴിലെ എന്റെ ചില ചിത്രങ്ങള്‍ കണ്ടാണ് സമീപിച്ചത്. എന്റെ തമിഴിലെ പ്രകടനം കണ്ടത് കൊണ്ട് തന്നെ ഓഡീഷന്‍ വേണ്ടെന്നും അദ്ദേഹം തീരുമാനിച്ചു. ഇത്രയും പക്വതയും ആത്മവിശ്വാസവും കൈവന്ന ശേഷം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്’, അമല പറഞ്ഞു.

ഒരു റൊമാന്റിക് ത്രില്ലറാണ് ചിത്രം. ഹിമാലയത്തിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ ഏറെകാലം താമസിച്ചത് കൊണ്ട് തന്നെ ഹിന്ദിയില്‍ തനിക്ക് നന്നായി സംസാരിക്കാനാവുമെന്നും അമല പറഞ്ഞു. സംവിധായകൻ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമലയുടെ സിനിമാ അരങ്ങേറ്റം. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങൾ ലഭിച്ചില്ല.

അര്‍ജുന്‍ രാംപാല്‍

പിന്നീട് തമിഴിൽ ചെറിയ വേഷങ്ങൾ ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി (2010) എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുൻ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്കാരങ്ങൾ നേടി.

2011 ഇൽ ഇത് നമ്മുടെ കഥ എന്ന മലയാളം സിനിമയിൽ അഭിനയിച്ചു. തുടർന്ന് വികടകവി എന്ന തമിഴ് സിനിമയിലും. കുറഞ്ഞ ബഡ്ജറ്റിലുള്ള ഈ സിനിമകൾ ശ്രദ്ധിക്കപ്പെട്ടില്ല. ശേഷം വിക്രം നായകനായ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിച്ചു. തെലുങ്കിൽ രാം ഗോപാൽ വർമ്മയുടെ ബേജവാദായിൽ വേഷം ചെയ്ത് തെലുഗു സിനിമാ ലോകത്ത് പേരെടുത്തു. മലയാളത്തിനെ ഒരു ഇന്ത്യൻ പ്രണയകഥയാണ് ശ്രദ്ധേയമായ അമലയുടെ ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook