നടി അമല പോൾ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അവരുടെ മുന്‍കാല സുഹൃത്തായ ഭവീന്ദർ സിംഗിനെതിരെ വഞ്ചനയ്ക്കും പീഡനത്തിനും കേസെടുത്തു. വിഴുപുരം ജില്ലയിൽ ഫയൽ ചെയ്ത എഫ്ഐആർ അടിസ്ഥാനപ്പെടുത്തി ഭവീന്ദർ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു.
2018 ൽ അമലയും ഭവീന്ദറും ചേര്‍ന്ന് പോണ്ടിച്ചേരി ഓറോവില്ലിനടുത്തുള്ള പെരിയമുദലിയാർ ചാവടി ആസ്ഥാനമാക്കി ഒരു പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചുതായും തുടര്‍ന്ന് അജ്ഞാതമായ കാരണങ്ങളാൽ ഇരുവരും പിരിയുകയും ചെയ്തതായി ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് അമല പോൾ ഒറ്റയ്ക്ക് പ്രൊഡക്ഷൻ ഹൗസ് നടത്തിക്കൊണ്ടു പോവുകയും, ‘കഡവർ’ എന്ന ഒരു സിനിമ നിർമ്മിക്കുകയും ചെയ്തു.
പ്രൊഡക്ഷൻ ഹൗസിൽ നിന്ന് പുറത്തായിട്ടും ഭവീന്ദർ സിംഗ് വ്യാജരേഖ ചമച്ച് നടിയിൽ നിന്ന് പണം തട്ടിയെന്നാണ് പരാതി. ഭവീന്ദർ തന്നെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും അമല ആരോപിച്ചിരുന്നു.
നേരത്തെ, 2020 ൽ ഭവീന്ദർ താനും അമല പോളും വിവാഹ വസ്ത്രത്തിൽ നിൽക്കുന്ന ചില ചിത്രങ്ങൾ പുറത്തു വിട്ടിരുന്നു. ഫോട്ടോകൾ വൈറലായതോടെ ഇരുവരും വിവാഹിതരാണെന്ന വാർത്തയും പരന്നിരുന്നു. 2018ൽ നടന്ന ഒരു ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണിതെന്നും തങ്ങൾ വിവാഹിതരല്ലെന്നും അതിനു മറുപടിയായി അമല പറഞ്ഞു. പിന്നീട് ആ ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത ഭവീന്ദറിനെതിരെ അവർ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെട്ടു ഇന്ത്യൻ എക്സ്പ്രസ് അമല പോളിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അവരെ കിട്ടിയില്ല.