ഫോട്ടോ ഷൂട്ടിനായി പകർത്തിയ ചിത്രം ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ഗായകൻ ഭവ്നിന്ദര് സിങ്ങിനെതിരെ അമല പോൾ മദ്രാസ് ഹൈക്കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നു. ഇപ്പോഴിതാ അമലയുമൊത്തുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് ഭവ്നിന്ദര് സിങ്ങിനെ വിലക്കിയിരിക്കുകയാണ് ഹൈക്കോടതി. കേസ് പരിഗണിച്ച ജസ്റ്റിസ് സതീഷ് കുമാർ അടുത്ത വാദം ഡിസംബർ 22 ലേക്ക് മാറ്റി.
കുറച്ചു നാളുകൾക്ക് മുൻപ് ഭവ്നിന്ദര് സിംഗ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് വിവാദമായത്. സമൂഹ മാധ്യമങ്ങളില്‍ അമലാ പോളിന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞുവെന്ന രീതിയില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം വിവാഹ ചിത്രമാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ഈ വാർത്തയെ നിഷേധിക്കാനോ എന്തെങ്കിലും അഭിപ്രായം പറയാനോ നടി തയ്യാറായിരുന്നില്ല.
Read more: എന്റെ ഒപ്പം നില്ക്കാന് വേണ്ടി എല്ലാം ത്യജിച്ച ആള്: പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്ന് അമലാ പോള്‍
ആടൈ സിനിമയുടെ പ്രമോഷൻ സമയത്ത് താൻ പ്രണയത്തിലാണെന്ന് അമല പോൾ വെളിപ്പെടുത്തിയിരുന്നു. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അയാളുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും ‘ആടൈ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നു എന്നും അമല പറഞ്ഞിരുന്നു. ഫിലിം കമ്പാനിയന് നല്കിയ അഭിമുഖത്തിലായിരുന്നു അമലയുടെ വെളിപ്പെടുത്തല്‍.
“ആര്‍ക്കും അറിയാത്ത കാര്യമാണ് ഇത്. ഞാന്‍ ഒരു ബന്ധത്തിലാണ്. ആടൈ എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ആദ്യം അദ്ദേഹത്തോടാണ് പങ്കു വച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായം കേള്‍ക്കാന്‍ ആകാംക്ഷയുണ്ടായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് ‘ഈ കഥാപാത്രമാകാന്‍ നീ ശരിക്കും സ്വയം പ്രാപ്തയാകണം. ഈ സിനിമ ചെയ്യുകയാണെങ്കില്‍ ശാരീരികമായും മാനസികമായും തയ്യാറെടുക്കണം. സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ അതുമായി മുന്നോട്ടു പോകുക,’ എന്നാണ്,” അമല വെളിപ്പെടുത്തി. ‘ആടൈ’ മാത്രമല്ല, തന്റെ എല്ലാ സിനിമകളും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ട് എന്നും അവര്‍ പറഞ്ഞിരുന്നു.
“യഥാര്‍ത്ഥ സ്നേഹം എന്റെ മുറിവുണക്കാന്‍ സഹായിച്ചു. ഞാന്‍ വിചാരിച്ചിരുന്നത് ഉപാധികളില്ലാതെ എന്നെ സ്നേഹിക്കാന്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്നാണ്. എന്നാല്‍ അദ്ദേഹം ആ ധാരണ മാറ്റി. എനിക്ക് വേണ്ടി, എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി അദ്ദേഹം സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചു. അദ്ദേഹത്തിന് എന്റെ പാഷന് അറിയാം. അദ്ദേഹം അതിനെ പിന്തുണച്ച് കൂടെ നിന്നു. എന്തുണ്ടെങ്കിലും എന്നെ പുകഴ്ത്തുന്ന ആളല്ല, എന്റെ കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കാറുണ്ട്. ഒരു മൂന്നാം കണ്ണ് തുറന്നു തന്നു.”