തെക്കൻ കേരളത്തിന്റെ പല ഭാഗത്തും ഇന്ന് മഴയും കാറ്റുമായിരുന്നു. വെട്ടിപ്പൊള്ളുന്ന ചൂടുകാലത്ത് ലഭിച്ച ആശ്വാസമാണ് ഈ മഴ. സോഷ്യൽ മീഡിയയിലെങ്ങും മഴ ആഘോഷിക്കുന്നവരുടെ ചിത്രങ്ങളും വീഡിയോകളുമാണ്. നമ്മുടെ സെലിബ്രിറ്റികളും ഒട്ടും പിന്നിലല്ല. അമല പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ കണ്ടാൽ അത് മനസിലാകും.
മഴ പെയ്തു തോർന്നപ്പോൾ മുറ്റത്തിറങ്ങി തുള്ളിച്ചാടിയും ഡാൻസുകളിച്ചുമെല്ലാമാണ് അമല തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. മുറ്റത്തെ മാവിലുള്ള ഓരോ മാങ്ങയ്ക്കും ഉമ്മ കൊടുത്ത്, തന്റെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയെ കെട്ടിപ്പിടിച്ചൊക്കെയാണ് താരത്തിന്റെ ആഘോഷം. അതിനിടയിൽ അമലയുടെ അമ്മയുടെ ശബ്ദവും കേൾക്കാം വീഡിയോയി.
“ഒരു ചാറ്റൽ മഴ പെയ്തപ്പോഴേക്ക് നിനക്ക് ഭ്രാന്തായോ അമലേ? അപ്പോൾ ഒരു വലിയ മഴ പെയ്താൽ എന്താകും അവസ്ഥ?” എന്നാണ് അമ്മ ചോദിക്കുന്നത്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ അമല ഫുൾ ഹാപ്പിയാണ്.
“ആദ്യം വരുന്നതെല്ലാം പ്രത്യേകതയുള്ളതാണ്. ലോക്ക്ഡൗണ്‍ കാലത്തെ ആദ്യ മഴ. ഞങ്ങളുടെ പ്രിയപ്പെട്ട മൂണിന്റെ ആദ്യ മഴ. 2020ൽ ആദ്യമായ് കായ്ച്ച മാങ്ങകൾ. സ്നേഹത്തിന്റേയും ശാന്തിയുടേയും എന്റെ ആദ്യ യാത്ര. പ്രപഞ്ചം നൽകുന്ന സന്തോഷകരമായ അടയാളങ്ങളാണ് മഴ. ക്യാമറയും ഡയലോഗും അമ്മ,” എന്നാണ് അമല കുറിച്ചിരിക്കുന്നത്.