മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വത്തില്‍ അഭിനയിക്കുന്നതിനായി തന്നെയും പരിഗണിച്ചിരുന്നുവെന്ന് നടി അമല പോള്‍. എന്നാല്‍ തന്റെ മാനസികാവസ്ഥ ശരിയല്ലാതിരുന്നതിനാലാണ് ആ ഓഫര്‍ നിരസിച്ചതെന്നും അതില്‍ തനിക്കു യാതൊരു വിധ കുറ്റബോധമില്ലെന്നും അമല കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടെയാണ് മണിരത്നം ചിത്രം നിരസിച്ചതിനെ കുറിച്ച് അമല വെളിപ്പെടുത്തിയത്.
“മണി സാറിന്റ ഒരു കടുത്ത ആരാധികയാണ് താന്‍, ആദ്യം അഭിനയിക്കാനായി ഓഫര്‍ വന്നപ്പോള്‍ വളരെയധികം ആവേശത്തിലായിരുന്നു ഞാൻ. പിന്നീട് 2021 ല്‍ വീണ്ടും ഇതേ സിനിമയ്ക്കു വേണ്ടി മണി സര് എന്നെ സമീപിച്ചു . ഓഡിഷന് നടന്നപ്പോള്‍ എന്റെ മാനസികാവസ്ഥ ശരിയല്ലായിരുന്നു. അതിനാല്‍ എനിക്ക് ഓഫര്‍ നിരസിക്കേണ്ടതായി വന്നു,” അമല പോൾ പറഞ്ഞു. ആ ഓഫർ നിരസിച്ചതിൽ തനിക്കു യാതൊരു വിധ കുറ്റബോധം ഇല്ലെന്നും ചില കാര്യങ്ങള്‍ അങ്ങനെയാണ്, എപ്പോഴും പെര്‍ഫെക്റ്റ് ആയിരിക്കും, നമ്മള് എങ്ങനെ അതിനെ നോക്കി കാണുന്നു എന്നതിലാണ് കാര്യമെന്നും അമല കൂട്ടിച്ചേര്‍ത്തു.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര രചനയായ പൊന്നിയിന്‍ സെല്‍വനെ അടിസ്ഥാനമാക്കിയാണ് മണിരത്നം ചിത്രം ഒരുക്കിയിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 30നു തീയേറ്ററുകളിലെത്തും. ഐശ്വര്യറായി ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ ഈ പീരീഡ് ചിത്രത്തിലുണ്ട്.
ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ് ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ടു ഭാഷകളിലായി റിലീസ് ചെയ്യും. പൊന്നിയിന്‍ സെല്വന്’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്നം, കുമരവേല്, ജയമോഹന് (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്മ്മന്, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര് റഹ്മാന്.
തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം റിലീസിനെത്തുക. അഞ്ഞൂറ് കോടി മുതൽമുടക്കിലാണ് ഈ ബ്രഹ്മാണ്ഡചിത്രം ഒരുങ്ങുന്നത്.
കഡാവര്‍ എന്ന തമിഴ് ത്രില്ലറിലാണ് അമല പോള്‍ അവസാനമായി അഭിനയിച്ചത്. അധോ അന്ത പറവൈ പോള, ടീച്ചര്‍, ക്രിസ്റ്റഫര്‍, ആടുജീവിതം എന്നീ സിനിമകളാണ് വരാനിരിക്കുന്ന അമല പോള്‍ ചിത്രങ്ങള്‍.