നടി അമല പോളും സംവിധായകൻ എ.എൽ.വിജയ്‌യും വിവാഹമോചിതരായി. ചെന്നൈ കുടുംബ കോടതിയാണ് ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്.

2011ൽ അമല പ്രധാന കഥാപാത്രമായെത്തിയ ദൈവ തിരുമകൾ എന്ന ചിത്രം സംവിധാനം ചെയ്‌തത് എ.എൽ.വിജയ്‌യായിരുന്നു. 2013ൽ ഇളയദളപതി വിജയിയെ നായകനാക്കി എ.എൽ.വിജയ് സംവിധാനം ചെയ്‌ത തലൈവ എന്ന ചിത്രത്തിലും അമലയായിരുന്നു നായിക.

നാല് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും 2014ൽ ജൂൺ 12നാണ് വിവാഹം കഴിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വിവാഹ മോചിതരാവുന്നു എന്ന വാർത്തയും പുറത്തുവന്നു. സിനിമ ലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയ വാർത്തകളിലൊന്നായിരുന്നു ഇത്.

അമല സിനിമയിൽ അഭിനയിക്കുന്നത് വിജയ്‌യുടെ വീട്ടുകാർക്ക് ഇഷ്ടമില്ലാത്തതാണ് വിവാഹമോചനത്തിന് കാരണമെന്ന തരത്തിലും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം വെറും പ്രചരണങ്ങൾ മാത്രമാണ്. അമലയ്ക്ക് തങ്ങളുടെ ബന്ധത്തിന്റെ സത്യം അറിയാം. അമലയുടെ അഭിനയ മോഹത്തെ പൂർണമായും പിന്തുണച്ചിരുന്നെന്നും വീട്ടുകാർക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും വിജയ് പറഞ്ഞിരുന്നു.

വിജയ്‌യെ വിവാഹം കഴിച്ചത് തെറ്റായ തീരുമാനമായിരുന്നില്ലെന്നും വിജയ്‌യെ ഇപ്പോഴും സ്നേഹിക്കുന്നെന്നും അതിൽ മാറ്റമുണ്ടാവില്ലെന്നും അമല ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ