ഇരുപത്തിയെട്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു തമിഴ് ചിത്രത്തിൽ അഭിനയിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയതാരം അമല അക്കിനേനി. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ഷർവാനന്ദും ഋതു വർമയുമാണ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്.
നവാഗതനായ ശ്രീ കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ഷർവാനന്ദിന്റെ അമ്മയുടെ വേഷമാണ് അമലയ്ക്ക് എന്നാണ് റിപ്പോർട്ടുകൾ. നാസ്സർ, സതീഷ്, രമേഷ് തിലക് എന്നിവരും ചിത്രത്തിലുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിലേക്ക് ആദ്യം വിജയ് ദേവരകൊണ്ടയെ ആയിരുന്നു നായകനായി തീരുമാനിച്ചിരുന്നത്. എന്നാൽ ഒടുവിൽ ചിത്രം ഷർവാനന്ദിൽ എത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
‘എന്റെ സൂര്യപുത്രിയ്ക്ക്’, ‘ഉള്ളടക്കം’ തുടങ്ങിയ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് അമല 2017 ൽ ‘കെയർ ഓഫ് സൈറ ബാനു’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും തിരിച്ചെത്തിയിരുന്നു. വിവാഹശേഷം സജീവമായ അഭിനയജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന അമല, ഇടക്കാലത്ത് തെലുങ്കിലും ഹിന്ദിയിലും ചില ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ദുൽഖർ നായകനായ ‘കർവാൻ’ (2018) എന്ന ഹിന്ദി ചിത്രത്തിലും അമല അഭിനയിച്ചിരുന്നു.
1991 ൽ റിലീസിനെത്തിയ ‘കർപ്പൂര മുല്ലൈ’ ആണ് അമലയുടേതായി അവസാനം പുറത്തിറങ്ങിയ തമിഴ് ചിത്രം. ‘എന്റെ സൂര്യപുത്രിയ്ക്ക്’ എന്ന മലയാളചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. സംവിധായകൻ ഫാസിൽ തന്നെയായിരുന്നു ഈ ചിത്രത്തിന്റെയും സംവിധായകൻ.
കുസൃതിക്കാരിയായ പെൺകുട്ടിയായി തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അമല തെലുങ്കുതാരം നാഗാർജുനയുമായുള്ള വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും വിട്ടു നിന്നത്. അമല- നാഗാർജുന ദമ്പതികൾക്ക് ഒരു മകനാണ് ഉള്ളത്, അഖിൽ. ‘അഖിൽ: ദ പവർ ഓഫ് ജോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഖിലും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
‘ബ്ലു ക്രോസ് ഓഫ് ഹൈദരാബാദ്’ എന്ന എൻജിഒയ്ക്ക് നേതൃത്വം നൽകിയ അമല സാമൂഹികപ്രവര്ത്തനങ്ങളിലും സജീവമാണ്. മൃഗങ്ങൾക്ക് സംരക്ഷണം നൽകുന്ന നിരവധി പ്രവർത്തനങ്ങൾ അമലയും ബ്ലൂ ക്രോസും ചേർന്ന് നടത്തുന്നുണ്ട്.
Read more: 25-ാം വിവാഹ വാർഷികം ആഘോഷിച്ച് നാഗാർജുനയും അമലയും
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook