/indian-express-malayalam/media/media_files/uploads/2020/01/amal-neerad-response-on-deepika-padukone-jnu-visit-and-chhapaak-boycott-threats-333024.jpg)
ദില്ലി ജെ എന്‍ യുവില്‍ വലതു സംഘടനകളുടെ ആക്രമണത്തിനു ഇരയായ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത ബോളിവുഡ് താരം ദീപിക പദുകോണിന് അഭിവാദ്യങ്ങളുമായി മലയാളം ചലച്ചിത്ര സംവിധായകന്‍ അമല്‍ നീരദ്. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ചാപ്പാക്ക്' പ്രചാരണത്തിന്റെ ഭാഗമായി ദില്ലിയില്‍ എത്തിയപ്പോഴാണ് ദീപിക ജെ എന്‍ യു വിദ്യാര്‍ഥി പ്രതിഷേധത്തില്‍ പങ്കെടുത്തത്. അവിടെ പ്രസംഗിക്കുകയോ പ്രത്യേകിച്ച് എന്തെങ്കിലും പറയുകയോ ചെയ്തില്ല എങ്കിലും ബോളിവുഡിലെ ഭൂരിപക്ഷം ഈ വിഷയത്തില്‍ ഒന്നും തന്നെ പ്രതികരികാത്ത സാഹചര്യത്തില്‍ അവിടെ എത്താന്‍ ദീപിക കാണിച്ച ധൈര്യവും മനസ്സും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ദീപിക നായികയാകുന്ന മേഘ്ന ഗുല്‍സാര്‍ ചിത്രം 'ചാപ്പാക്ക്' ബോയ്‌കോട്ട് ചെയ്യണം എന്ന് ഒരു പക്ഷം സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാമ്പൈന്‍ നടന്നുണ്ട്. ഈ സാഹചര്യത്തിലാണ് ദീപികയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് സംവിധായനും നിര്‍മ്മാതാവുമായി അമല്‍ നീരദ് രംഗത്ത് വന്നിരിക്കുന്നത്.
"ചാപ്പക്കിന്റെ റിലീസിന് മുന്നോടിയായി, മേഘ്‌ന ഗുൽസറിനും ദീപിക പദുക്കോണിനും ഞാൻ ഹൃദയപൂര്‍വ്വമായ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ഈ രണ്ട് സ്ത്രീകളുടെയും ഒരു വലിയ ആരാധകനാണ് ഞാൻ. 'തല്‍വാര്‍' എന്ന ചിത്രം അതിന്റെ ബ്രില്ല്യന്‍സ് കൊണ്ട് സ്നേഹം പിടിച്ചു പറ്റുന്നുണ്ടെങ്കില്‍, 'റാസി'യോളം എന്നിലെ ദേശസ്നേഹിയെ ഇത്രമേല്‍ തിരിച്ചറിയാന്‍ സഹായിച്ച മറ്റൊന്നും ഓർമിക്കാൻ കഴിയുന്നില്ല.
ദീപികയുടെ സിനിമകള്‍ അടുത്ത് ഫോളോ ചെയ്യന്ന ആളാണ് ഞാന്‍. 'ഓം ശാന്തി ഓം' മുതൽ 'പിക്കു' വരെ എല്ലാം ഇഷ്ടപ്പെട്ടു - 'ദം മാരോ ദം,' 'റാബ്ത' എന്നീ സിനിമകളുടെ പാട്ടുകളിലെ അവരുടെ അതിഥികൾ ഉൾപ്പെടെ. വിഷാദരോഗവുമായുള്ള പോരാട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയും അത് ലോകത്തിനു മുന്നിൽ എടുത്തുകാട്ടാനും ബോധവല്‍ക്കരിക്കാനും ദീപിക പലരേയും പ്രചോദിപ്പിക്കുകയും ചെയ്തപ്പോൾ, അവരുടെ ആരാധകനായി ഞാൻ അഭിമാനം കൊണ്ടു. ഒരു നിർമ്മാതാവെന്ന നിലയിൽ തന്റെ ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ജെഎൻയു വിദ്യാർത്ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രതിഷേധത്തിൽ പങ്കെടുക്കാൻ എടുത്ത തീരുമാനം അവര്‍ക്ക് എളുപ്പമായിരുന്നിരിക്കില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. ചങ്കൂറ്റവും ഗ്രേസും വേണം അതിന്! സിനിമ ഇഷ്ടപ്പെടുന്ന എല്ലാവരും തിയേറ്ററുകളിലേക്ക് എത്തണം എന്നും ഈ വെള്ളിയാഴ്ച 'ചാപ്പക്ക്' കാണണം എന്നും ഞാൻ അഭ്യർത്ഥിക്കുന്നു," അമല്‍ നീരദ് ഫേസ്ബുക്കില്‍ പറഞ്ഞു.
Read Here: ജെഎൻയു സന്ദർശനം: ദീപികയുടെ സിനിമകൾ ബഹിഷ്കരിക്കാൻ ബിജെപി നേതാവിന്റെ ആഹ്വാനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.