/indian-express-malayalam/media/media_files/uploads/2018/05/aalummoodan-3.jpg)
ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്കു മുമ്പ്, 1992ലെ ഒരു മെയ് മൂന്നാം തിയ്യതി. 'അദ്വൈതം' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുകയാണ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ശിവന്‍ എന്ന കഥാപാത്രം, കഷ്ടപ്പാടുകള്‍ക്കും കാലക്കേടുകള്‍ക്കുമൊടുക്കം, സമൂഹം ബഹുമാനിക്കുന്ന ഒരു സന്യാസിയായി തിരിച്ചുവരുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. മോഹന്‍ലാല്‍, രേവതി, സംവിധായകന്‍ പ്രിയദര്‍ശന്‍, ഛായാഗ്രാഹകന്‍ എസ് കുമാര്‍ തുടങ്ങിയവരുടെ നീണ്ട നിര തന്നെ സെറ്റിലുണ്ട്.
ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആലുംമൂടനാണ്. "എന്നെ രക്ഷിക്കണം, സ്വാമീ" എന്നു പറഞ്ഞു കൊണ്ട് അദ്ദേഹം മോഹന്‍ലാലിന്‍റെ കാല്‍ക്കല്‍ വീഴേണം. മോഹന്‍ലാലിനും, ആലുംമൂടനും രംഗം വിവരിച്ചു കൊടുത്തു. രണ്ടു പേരും പൊസിഷനിലായി. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞു.
"എന്നെ രക്ഷിക്കണം, സ്വാമീ" എന്ന് പറഞ്ഞ് ലാലിന്‍റെ കാലില്‍ വീണ ആലുംമൂടന്‍ കട്ട് പറഞ്ഞിട്ടും, കാല്‍ക്കല്‍ നിന്നും എണീറ്റില്ല. പിടിച്ച് എണീപ്പിക്കാനായി മോഹന്‍ലാല്‍ കുനിഞ്ഞപ്പോള്‍, ആലുംമൂടന്‍ മറിഞ്ഞു വീഴുകയായിരുന്നു. ബോധരഹിതനായ അദ്ദേഹത്തെ എല്ലാവരും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷെ, വൈകിപ്പോയി. ഷൂട്ടിങ് സ്‌പോട്ടില്‍ തന്നെ മരണം സംഭവിച്ചു എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഹൃദയാഘാതത്തിന്‍റെ രൂപത്തിലായിരുന്നു മരണം അദ്ദേഹത്തെ കൊണ്ടു പോയത്.
"സിനിമയ്ക്കു പുറത്ത്, ജീവിതത്തില്‍ ലാല്‍ കരയുന്നത് ഒരിക്കലേ ഞാന്‍ കണ്ടിട്ടുള്ളൂ. അത് ആലുംമൂടന്‍ ചേട്ടന്‍ മരിച്ച ദിവസമായിരുന്നു. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന ചിത്രത്തിലെ ലാലിന്‍റെ ആദ്യ ഷൂട്ട് ആലുംമൂടന്‍ ചേട്ടനൊപ്പമായിരുന്നു.
ഞാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ നിന്ന് പൊട്ടിക്കരയുന്ന ലാലിനെയാണ് ഞാന്‍ കണ്ടത്. വല്ലാത്തൊരു അടുപ്പമായിരുന്നു അദ്ദേഹത്തോട് ലാലിന്. ലാലിന് മാത്രമായിരുന്നില്ല, ഞങ്ങള്‍ക്കൊക്കെ വളരെ അടുത്ത ബന്ധമായിരുന്നു ആലുംമൂടന്‍ ചേട്ടനോട്," ആ ദിവസത്തെ സംഭവങ്ങള്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ ഓര്‍ക്കുന്നു.
/indian-express-malayalam/media/media_files/uploads/2018/05/adwaitham.jpg)
ഒരു ഇടവേളയ്ക്കു ശേഷം ആലുംമൂടന്‍ അഭിനയത്തിലേക്കു തിരിച്ചു വന്ന ചിത്രം കൂടിയായിരുന്നു 'അദ്വൈതം'. സിനിമയ്ക്കു പുറത്ത് വ്യക്തി ജീവിത്തിലും ഏറെ അടുപ്പമുള്ള കുറേ പേര്‍ ഒന്നിക്കുന്ന ചിത്രംകൂടിയായിരുന്നു അത്.
"ആലുംമൂടന്‍ ചേട്ടനുമായുളള അടുപ്പം സിനിയ്ക്കകത്തു മാത്രമായിരുന്നില്ല. സ്വാമീസ് ലോഡ്ജിലാണ് ഞങ്ങളുടെയൊക്കെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മകള്‍ ഉള്ളത്. സുഹൃത്തു മാത്രമല്ല, ഒരു വഴികാട്ടികൂടിയായിരുന്നു അദ്ദേഹം. 'സിനിമയാണ്, പല പ്രശ്‌നങ്ങളിലും ചെന്നു ചാടാന്‍ സാധ്യതയുണ്ട്. സൂക്ഷിക്കണം' എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. എപ്പോഴും ചിരിച്ചു കാണുന്ന, വളരെ സാത്വികനായ ഒരു മനുഷ്യനായിരുന്നു. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്‍റെ മരണം നല്‍കിയ ആഘാതത്തില്‍ നിന്നു പുറത്തു കടക്കാന്‍ ഞങ്ങള്‍ക്കൊക്കെ വളരെയധികം സമയം വേണ്ടി വന്നു. പ്രത്യേകിച്ച് ലാലിന്.
പിന്നീടോര്‍ക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്, ഒരു കണക്കിന് ആലുംമൂടന്‍ ചേട്ടന്‍ ഭാഗ്യവാനാണെന്ന്. സുകുമാരിച്ചേച്ചിയൊക്കെ പറയുമായിരുന്നു ആലുംമൂടനെ പോലെ മരിക്കണം എന്നാണ് ആഗ്രഹം എന്ന്.
ഒരുപക്ഷെ പല കലാകാരന്മാരും ആഗ്രഹിക്കുന്ന ഒന്നായിരിക്കും അത്തരത്തില്‍ ഒരുമരണം. അദ്ദേഹത്തിന്‍റെ ആ അവസാന രംഗം ചിത്രമായി ഞാനിപ്പോളും സൂക്ഷിച്ചിട്ടുണ്ട്," ഓര്‍മ്മകളുടെ പെരുമഴയില്‍ പ്രിയദര്‍ശന്‍ പറഞ്ഞു.
ആലുംമൂടന്‍റെ മരണം തകര്‍ത്തുകളഞ്ഞ മറ്റൊരാളുണ്ട്. ഛാായഗ്രാഹകന്‍ എസ് കുമാര്‍. അദ്ദേഹത്തിന്‍റെ വേര്‍പാട് വര്‍ഷങ്ങളോളം ഉള്ളിലൊരു കുറ്റബോധമായി കിടന്നിരുന്നുവെന്ന് എസ് കുമാര്‍ പറയുന്നു.
"ഡലയോഗ് പറയുമ്പോള്‍ വലിയ ടെന്‍ഷനാണെന്ന് ആലുംമൂടന്‍ ചേട്ടന്‍ പറയാറുണ്ടായിരുന്നു. ടെന്‍ഷന്‍ വരുമ്പോള്‍ നാവിനടിയില്‍ എടുത്തു വയ്ക്കുമെന്ന് പറഞ്ഞ് ഒരു ഗുളികയും കാണിച്ചു തന്നു. ആലുംമൂടന്‍ ചേട്ടനെ അധികം ബുദ്ധിമുട്ടിക്കാതെ ഒറ്റ ടേക്കില്‍ തന്ന ആ ഷോട്ടെടുക്കണം എന്നെനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. വൈഡ് ആംഗിള്‍ ലെന്‍സ് ആണ് ഞാന്‍ സെറ്റ് ചെയ്തത്. ഒരു വലിയ മനുഷ്യന്‍ സ്വാമിയുടെ കാലില്‍ വീഴുകയാണ്. അതാണ് പെഴ്സ്‌പെക്ടീവ്.
എത്ര തവണ ആലുംമൂടന്‍ ചേട്ടനോട് ഞാന്‍ പറഞ്ഞെന്നോ, 'ഡയലോഗ് പറയണ്ട, ജസ്റ്റ് കാലില്‍ വീണാല്‍ മതി'യെന്ന്. പക്ഷെ ആ മനുഷ്യന്‍ കേട്ടില്ല. അദ്ദേഹം ഡയലോഗ് മുഴുവന്‍ പറഞ്ഞതിനു ശേഷമാണ് 'എന്നെ രക്ഷിക്കണം സ്വാമീ' എന്നു പറഞ്ഞ് കാലില്‍ വീണത്. ക്യാമറയുടെ മുമ്പില്‍ തന്നെയാണ് അദ്ദേഹം വീണത്. പക്ഷെ അന്ന് ഞങ്ങള്‍ക്കാര്‍ക്കും കാര്‍ഡിയാക് അറസ്റ്റിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. പക്ഷെ ഈ മനുഷ്യന്‍ അവിടെ മരിച്ചു വീഴുകയായിരുന്നു എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. കുറേ കാലം എനിക്കു വലിയ കുറ്റബോധമായിരുന്നു.
എന്തിനാണ് അദ്ദേഹത്തോട് ബെന്‍ഡ് ചെയ്യാന്‍ പറഞ്ഞത് എന്നോര്‍ത്ത് ഒരുപാട് വിഷമിച്ചിട്ടുണ്ട്. 'ആ ഡയലോഗ് പറയണ്ട' എന്നു എത്രയോ തവണ പറഞ്ഞു. പക്ഷെ അദ്ദേഹം ഒരു യഥാര്‍ത്ഥ കലാകാരനായിരുന്നു. ആ ഡയലോഗ് പറഞ്ഞാല്‍ മാത്രമേ കഥാപാത്രമായി മാറാന്‍ കഴിയൂ എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
അവരൊക്കെ നാടകവേദിയില്‍ നിന്നും വന്ന ആളുകളാണ്. കഥാപാത്രമായി മാറാതെ മെക്കാനിക്കലായി അതു ചെയ്യാന്‍ അദ്ദേഹത്തെ പോലൊരാള്‍ക്ക് കഴിയില്ലായിരുന്നു. ഒരുപാട് കാലം ആ സംഭവം എന്നെ വേട്ടയാടി," വേദനയോടെ എസ് കുമാര്‍ ഓര്‍ക്കുന്നു.
ആലുംമൂടന്‍ എന്ന ഡൊമിനിക് അവര്‍ക്കൊക്കെ അടുത്ത സുഹൃത്തായിരുന്നു, അവരുടെയൊക്കെ ആലുംമൂടന്‍ ചേട്ടനായിരുന്നു. ഇടക്കാലത്ത് അസുഖം മൂലം സിനിമയില്‍ നിന്നു വിട്ടു നിന്ന ആലുംമൂടന്‍ ചേട്ടന്‍ തിരിച്ചു വരുമ്പോള്‍ ആവേശമായിരുന്നുവെന്ന് എസ് കുമാര്‍.
"അന്ന് സെറ്റിലിരുന്ന് ചേട്ടന്‍ ഒരുപാട് സംസാരിക്കുമായിരുന്നു. വീട്ടിലെ കാര്യങ്ങളും, കൃഷിയെക്കുറിച്ചും ഒക്കെ. സിനിമയില്ലെങ്കിലും ജീവിക്കാമെന്ന ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു. എനിക്കെപ്പോഴും തോന്നാറുണ്ട് 'അദ്വൈതം' എന്ന സിനിമയില്‍ അദ്ദേഹം അഭിനയിച്ചത് ഞങ്ങളെ ഒക്കെ ഒരിക്കല്‍കൂടി കാണാനും, കുറച്ചു ദിവസങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും വേണ്ടി ആയിരുന്നെന്ന്. ഒരുപാട് സ്‌നേഹത്തോടെയും, ശ്രദ്ധയോടെയുമായിരുന്നു ചേട്ടനെ ആ ദിവസങ്ങളില്‍ ഞങ്ങള്‍ നോക്കിയിരുന്നത്. ആ സംഭവത്തിനു ശേഷം എന്‍റെ മറ്റു സിനിമയിലും അഭിനേതാക്കളെ കൈകാര്യം ചെയ്യുമ്പോള്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചു. പ്രത്യേകിച്ച് പ്രായമുള്ളവരെ. അത് എന്‍റെ ഉത്തരവാദിത്തമായി തോന്നി."
/indian-express-malayalam/media/media_files/uploads/2018/05/10520815_687772494626369_3452968346542552850_n.jpg)
ജയരാജിന്‍റെ 'നവരസ' പരമ്പരയിലെ നാലാമത്തെ ചിത്രമായ 'അത്ഭുത'ത്തിന്‍റെ സെറ്റിലുണ്ടായ ഒരനുഭവത്തെക്കുറിച്ച് എസ് കുമാര്‍ പറയുന്നതിങ്ങനെ:
"ദയാവധത്തെക്കുറിച്ചുള്ള ചിത്രമായിരുന്നു 'അത്ഭുതം'. സുരേഷ് ഗോപിയായിരുന്നു കേന്ദ്ര കഥാപാത്രം. ഹൈദരാബാദില്‍ ഷൂട്ട് നടക്കുകയായിരുന്നു. കെ പി എ സി ലളിതച്ചേച്ചിയുടെ ഒരു സീക്വെന്‍സായിരുന്നു ഷൂട്ട് ചെയ്യുന്നത്. ചേച്ചി പറഞ്ഞു 'കുമാറേ, ഡയലോഗിന്‍റെ ഭാഗം വരുമ്പോള്‍ എനിക്കൊരു ചെറിയ ടെന്‍ഷന്‍ തോന്നുന്നു,' എന്ന്. ചേച്ചിയുടെ മുഖമൊക്കെ മാറി. ഞാനപ്പോള്‍ കൂടുതല്‍ കെയര്‍ഫുള്‍ ആയി.
പുറകില്‍ നിന്നും പ്രോംപ്റ്റ് ചെയ്യും, ചേച്ചി അതിനനുസരിച്ച് ചുണ്ടനക്കിയാല്‍ മതിയെന്നു പറഞ്ഞു. അങ്ങനെയായിരുന്നു അത് ഓകെ ആയത്. അതേ ചിത്രത്തിന്‍റെ സെറ്റില്‍ വച്ചായിരുന്നു നെടുമ്പുറം ഗോപിച്ചേട്ടനും വയ്യാതായത്. റാമോജി റാവുവില്‍ വച്ചായിരുന്നു ഷൂട്ട്. ഷൂട്ട് കഴിഞ്ഞ് ഞങ്ങളൊക്കെ റൂമില്‍ പോയി. ഫോണ്‍ ഓഫ് ചെയ്തു വച്ച് ഞാന്‍ കിടന്നുറങ്ങി. എനിക്കൊന്നു റിലാക്‌സ് ചെയ്യണമായിരുന്നു. ഉറങ്ങി എണീറ്റ് ജയരാജിനെ വിളിച്ചപ്പോള്‍ പറഞ്ഞു ആശുപത്രിയില്‍ ആണ്, ഗോപിച്ചേട്ടന്‍ കുഴഞ്ഞുവീണു എന്ന്. 40 ദിവസം ഓര്‍മ്മ പോയി.
ആലുംമൂടന്‍ ചേട്ടന്‍റെ അനുഭവം മനസില്‍ കിടക്കുന്നതുകൊണ്ട്, ഒരിക്കലും ഞാനാരെയും സെറ്റില്‍ റെസ്ട്രിക്ട് ചെയ്യാറില്ല. അവരെ ഫ്രീയായി വിടുന്നതാണ് പതിവ്. ആശുപത്രിയില്‍ ചെന്നപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ എന്നെ കാണിച്ചു ചോദിച്ചു 'ഗോപിച്ചേട്ടാ, മനസിലായില്ലേ? ഇതു കുമാറാണ്' എന്ന്. ആ മനുഷ്യന്‍ അപ്പോള്‍ എന്നെ നോക്കി ചിരിച്ചു.
അദ്ദേഹം വേറെയൊരു ആളായി മാറിയിരുന്നു. എനിക്കു ഭയങ്കര ഷോക്കായി പോയി. പിന്നീട് അദ്ദേഹത്തിന്‍റെ വീട്ടില്‍ വിളിച്ച് സ്ഥിരമായി ഫോണിലൂടെ സംസാരിച്ചു. ഒരാഴ്ചകൊണ്ട് ഓര്‍മ്മ തിരിച്ചുകിട്ടി. ശാസ്ത്രത്തിനപ്പുറം പ്രിയപ്പെട്ടവരുമായുള്ള ആ വൈാകാരിക വിളിയുണ്ടല്ലോ. അതായിരുന്നു ശരിക്കും സംഭവിച്ചത്."
ആലുംമൂടന്‍ എന്ന പ്രിയ സുഹൃത്തിന്‍റെ മരണം ജീവിത്തിലും സിനിമയിലും തന്നെ ഒരുപാട് മാറ്റിമറിച്ചുവെന്ന് എസ് കുമാര്‍ പറയുന്നു. അങ്ങോട്ടു സ്‌നേഹിച്ചതിന്‍റെ ഇരട്ടി സ്‌നേഹം തിരിച്ചു തന്ന വലിയൊരു മനുഷ്യന്‍, ഒരു പൂര്‍ണ കലാകാരന്‍, അതൊക്കെയായിരുന്നു അടുത്തറിയാവുന്നവര്‍ക്ക് ആലുംമൂടന്‍.
'അദ്വൈത'ത്തിന്‍റെ സെറ്റില്‍ ആലുംമൂടന്‍ വീണു മരിച്ചിട്ട് ഇന്ന് ഇരുപത്തിയാറു വര്‍ഷം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.