നിവിന്‍ പോളി നായകനായ നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്കു ശേഷം അല്‍ഫോണ്‍സ് പുത്രന്റെ പുതിയ ചിത്രം തൊബാമ നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. സംവിധായകന്റെ വേഷത്തിലല്ല, നിര്‍മ്മാതാവിന്റെ വേഷത്തിലാണ് അല്‍ഫോണ്‍സ് എത്തുന്നത്. തൊബാമയ്ക്ക് ടിക്കറ്റെടുക്കുന്നവരോട് പക്ഷെ അല്‍ഫോണ്‍സിനൊരു കാര്യം പറയാനുണ്ട്.

തൊബാമ മാത്രമല്ല, ഹോളിവുഡ് ചിത്രം അവഞ്ചേഴ്സും റിലീസാകുന്നത് നാളെ തന്നെയാണ്. അതില്‍ അഭിനയിക്കുന്ന റോബര്‍ട്ട് ഡോണി ജൂനിയര്‍ കൈപ്പറ്റുന്ന പ്രതിഫലത്തിന്റെ ഏഴില്‍ ഒരു ഭാഗം പോലും ഈ സിനിമയുടെ മുഴുവന്‍ ബജറ്റായിട്ടില്ല. എന്നാല്‍ നല്ല ചങ്കുറപ്പുള്ള നടന്മാരുണ്ട്. കഥാപാത്രങ്ങള്‍ക്കു വേണ്ടി നല്ലതു പോലെ അധ്വാനിച്ച ധാരാളം ആളുകള്‍ ഈ ചിത്രത്തിനു പിന്നിലുണ്ടെന്നും അല്‍ഫോണ്‍സ് കുറിച്ചു. കൂട്ടത്തില്‍ നേരത്തിനും പ്രേമത്തിനും മുമ്പ് തന്ന അതേ മുന്നറിയിപ്പ്. “പിന്നെ പുതുമ… അത് പ്രതീക്ഷിക്കരുത്.”

അല്‍ഫോണ്‍സിന്റെ മുന്‍ ചിത്രങ്ങളില്‍ അസോസിയേറ്റായിരുന്ന മൊഹ്‌സിന്‍ കാസിം സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊബാമ. ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇവരെ കൂടാതെ ശബരീഷ്, രാജേഷ് ശര്‍മ്മ, ശ്രീലക്ഷ്മി, അഷ്റഫ്, നിസ്താര്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. പുതുമുഖമായ പുണ്യ എലിസബത്ത് ബോസ് ആണ് തൊബാമയിലെ നായിക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ