ഏഴു വർഷങ്ങൾക്കു ശേഷം അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഗോൾഡ് ഡിസംബർ ആദ്യവാരം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിനു വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെന്നു മാത്രമല്ല പ്രതികാരബുദ്ധിയോടെ പലരും നെഗറ്റീവ് റിവ്യുകളും പറയുന്നു എന്നതാണ് അൽഫോൺസ് പുത്രൻ പറഞ്ഞത്.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് അൽഫോൺസ് പുത്രൻ. രസകരമായ കുറിപ്പുകളും അതിനുള്ള കമന്റുകൾക്ക് മറുപടിയും നൽകി സജീവമായി നിൽക്കാറുണ്ട് അൽഫോൺസ്. ‘എന്റെ പുതുവത്സര സ്വപ്നങ്ങൾ’ എന്ന് കുറിച്ച് അൽഫോൺസ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമാമേഖലയിൽ താൻ ആഗ്രഹിക്കുന്ന മാറ്റങ്ങളെയും സിനിമകളെയും പറ്റിയാണ് അൽഫോൺസ് കുറിപ്പിൽ പറയുന്നത്.
പൃഥ്വിരാജ്, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ് തുടങ്ങിയവരുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മമ്മൂട്ടി- മോഹൻലാൽ ആക്ഷൻ ചിത്രം തുടങ്ങി ഹോളിവുഡ് വരെ നീളുന്നുണ്ട് അൽഫോൺസിന്റെ സിനിമാസ്വപ്നങ്ങൾ. കമലഹാസന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഒരു ഫിലിം സ്‌ക്കൂളും അൽഫോൺസിന്റെ സ്വപ്നത്തിലുണ്ട്. നിങ്ങളിൽ നിന്ന് ഒരു സിനിമ ഞങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നെന്നാണ് ആരാധകർ ഈ കുറിപ്പിനു താഴെ കുറിച്ചത്.
പൃഥ്വിരാജ്, നയൻതാര എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഗോൾഡ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ‘ഗോൾഡ്’ നിര്‍മ്മിച്ചത്.