അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘ഗോൾഡ്’. ഏഴു വർഷങ്ങൾക്കു ശേഷം അൽഫോൺസ് തിരിച്ചെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും അഭിനയിച്ചിരുന്നു. പൃഥ്വിരാജിന്റെ അമ്മയായിട്ടു തന്നെയാണ് മല്ലിക ചിത്രത്തിൽ വേഷമിട്ടത്.
സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങളെ കുറിച്ചുള്ള പോസ്റ്റുകൾ അൽഫോൺസ് പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഗോൾഡിന്റെ കാസ്റ്റിങ്ങിനെ പറ്റി പറഞ്ഞു കൊണ്ടുള്ള അൽഫോൺസിന്റെ കുറിപ്പാണ് വൈറലാകുന്നത്. ചിത്രത്തിൽ ഇന്ദ്രജിത്തിനെ ഉൾപ്പെടുത്താൻ കഴിയാത്തതിൽ തനിക്കു സങ്കടമുണ്ടെന്ന് അൽഫോൺസ് പറയുന്നു.
“ജോഷിയും അമ്മയുമായി അഭിനയിച്ച നിങ്ങൾക്കു നന്ദി. സുകുമാരൻ സറിനോട് എന്റെ ഭാഗത്തു നിന്നുള്ള നന്ദിയും അറിയിക്കുന്നു. ഇന്ദ്രജിത്ത് ചേട്ടൻ എന്നോടു ക്ഷമിക്കണം. ഞാൻ സുകുമാരൻ സറിനെയും മാഡത്തിനെയും രാജുവിനെയും അഭിനയിപ്പിച്ചപ്പോൾ ചേട്ടനെ മറന്നു പോയി. ആരും ഓർമിപ്പിച്ചില്ല.പക്ഷെ സിനിമയൊക്കെ കഴിയാറായപ്പോൾ എനിക്കെന്തോ മിസ്സിങ്ങ് തോന്നി. ആ മിസ്സിങ്ങ് ചേട്ടൻ തന്നെയാണ്. ഇനി എപ്പോഴെങ്കിലും കൂടെ വർക്ക് ചെയ്യണമെന്നുണ്ട് ഇന്ദ്രജിത്തേട്ടാ” അൽഫോൺസ് കുറിച്ചു. കുറിപ്പിനൊപ്പം ഗോൾഡിലെ ചില രംഗങ്ങളും പങ്കുവച്ചിട്ടുണ്ട്.
ഗോൾഡിന്റെ റിലീസിനു ശേഷം അൽഫോൺസ് പുത്രൻ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. പാട്ടും റീലുമൊക്കെയായി നിറഞ്ഞു നിൽക്കുകയായിരുന്നു താരം. എന്നാൽ വിമർശനങ്ങൾ ഉയർന്നപ്പോൾ ബ്രേക്കെടുക്കുകയാണ് ചെയ്‌തത്. വീണ്ടും സോഷ്യൽ മീഡിയയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് അൽഫോൺസ്.