ഏറെ പ്രതീക്ഷയോടെ എത്തിയെങ്കിലും തിയേറ്ററിൽ വിജയം നേടാനാവാതെ മടങ്ങുകയായിരുന്നു അൽഫോൺസ് പുത്രന്റെ ‘ഗോൾഡ്’ എന്ന ചിത്രം. ‘പ്രേമം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഏഴു വർഷത്തെ ഇടവേള കഴിഞ്ഞ് അൽഫോൺസ് ചെയ്ത ചിത്രമായിരുന്നു ‘ഗോൾഡ്’. അതിനാൽ ചിത്രത്തിനെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ ആ പ്രതീക്ഷകൾ കാക്കാനാവാതെ ‘ഗോൾഡ്’ തിയേറ്റർ വിട്ടു. ചിത്രത്തിനെതിരെ വലിയ രീതിയിൽ വിമർശനങ്ങളും ട്രോളുകളും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.
വിമർശനങ്ങളോടും ട്രോളുകളോടും പ്രതികരിച്ചുകൊണ്ട് പല തവണയായി അൽഫോൺസ് കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു. ഇപ്പോൾ, ഇൻസ്റ്റഗ്രാമിൽ നിന്നും തന്റെ പ്രൊഫൈല്‍ പിക്ചറും മുഴുവൻ പോസ്റ്റുകളും നീക്കം ചെയ്തിരിക്കുകയാണ് അൽഫോൺസ് പുത്രൻ. ഇൻസ്റ്റഗ്രാമിൽ നിന്നും ചിത്രങ്ങളും കുറിപ്പുകളും നീക്കം ചെയ്യുന്നതിനു മുൻപ് തനിക്കെതിരെ ഉയരുന്ന ട്രോളുകളെ കുറിച്ച് അൽഫോൺസ് ഒരു കുറിപ്പും പങ്കുവച്ചിരുന്നു.

“നിങ്ങള്‍ എന്നെ ട്രോളുകയും എന്നെയും എന്റെ ഗോള്‍ഡ് എന്ന സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്ക് വേണ്ടിയാണ്. അത് നിങ്ങള്‍ക്ക് നല്ലതാണ്. എനിക്കു അത്ര നല്ലതല്ല. അതുകൊണ്ട് ഇന്റര്‍നെറ്റില്‍ മുഖം കാണിക്കാതെ ഞാന്‍ പ്രതിഷേധിക്കുന്നു. ഞാന്‍ നിങ്ങളുടെ അടിമയല്ല, അല്ലെങ്കില്‍ എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാന്‍ അവകാശം നല്‍കിയിട്ടില്ല. അതിനാല്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സിനിമകള്‍ കാണാം. പിന്നെ എന്റെ പേജില്‍ വന്ന് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. നിങ്ങള്‍ അങ്ങനെ ചെയ്താല്‍, ഞാന്‍ ഇന്റര്‍നെറ്റില്‍ നിന്ന് അപ്രത്യക്ഷമാകും. ഞാന്‍ പഴയത് പോലെയല്ല. ആദ്യം ഞാന്‍ എന്നോടും പിന്നീട് എന്റെ പങ്കാളിയോടും എന്റെ കുട്ടികളോടും ഞാന്‍ വീണപ്പോള്‍ കൂടെ നിന്നവരോടും സത്യസന്ധത പുലര്‍ത്തും. ഞാന്‍ വീണപ്പോള്‍ നിങ്ങളുടെ മുഖത്ത് കണ്ട ചിരി മറക്കില്ല. ആരും വേണമെന്ന് വെച്ച് വീഴുന്നതല്ലല്ലോ. അത് പ്രകൃതി കാരണം സംഭവിക്കുന്നതാണ്. പിന്തുണയുണ്ടെങ്കില്‍ അതേ പ്രകൃതി എന്നെ സംരക്ഷിക്കും. ശുഭദിനം നേരുന്നു,” അൽഫോൺസ് കുറിപ്പിൽ പറയുന്നു.