ഹിറ്റ് ചിത്രമായ പ്രേമത്തിനു ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് അൽഫോൺസ് പുത്രൻ. ‘പാട്ട്’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് അൽഫോൺസ് പുത്രൻ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. യുജിഎം എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ സക്കറിയ തോമസ്, ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ സംഗീത സംവിധായകൻ താൻ തന്നെയാണെന്ന് അൽഫോൺസ് പുത്രൻ പറയുന്നു. അഭിനയിക്കുന്നവരെയും പിന്നണിയിൽ പ്രവൃത്തിക്കുന്നവരെ കുറിച്ചും പിന്നീട് വെളിപ്പെടുത്തുമെന്നും അൽഫോൺസ് പുത്രൻ വ്യക്തമാക്കി.
അഞ്ച് വർഷം മുൻപാണ് ‘പ്രേമം’ തിയറ്ററുകളിലെത്തിയത്. സിനിമ തിയറ്ററുകളിൽ വൻ വിജയമായിരുന്നു. നിവിൻ പോളി, സായ് പല്ലവി, മഡോണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 2015 ലെ ഏറ്റവും കൂടുതൽ പണംവാരി ചിത്രങ്ങളിൽ ഒന്നായിരുന്നു. ‘പ്രേമ’ത്തിനു മുൻപ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്‌ത ചിത്രം ‘നേരം’ തിയറ്ററുകളിൽ ഹിറ്റായിരുന്നു. രണ്ട് ചിത്രങ്ങളിലും നിവിൻ പോളിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
കേരളത്തിലെ വിപണിയെ നല്ല രീതിയില്‍ ഉപയോഗിക്കാനും മലയാളികളുടെ പള്‍സറിയാനും അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകനു രണ്ട് സിനിമകളിലൂടെയും കഴിഞ്ഞു. എടുത്തു പറയത്തക്ക കലാമൂല്യമുള്ളൊരു ചിത്രമല്ലെങ്കിലും, ഏകദേശം 35 വയസുവരെയുള്ള പ്രേക്ഷകരെ പ്രേമം കൈയ്യിലെടുത്തു എന്നു പറയാതെ വയ്യ. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് തന്നെ ഒരുക്കിയ ‘നേര’ത്തിനു ശേഷം പുറത്തു വന്ന ചിത്രമായിരുന്നു ഇത്. പുതുമകളൊന്നുമില്ലാത്ത രണ്ടാമത്തെ ചിത്രം എന്നായിരുന്നു സംവിധായകന്‍ സിനിമയെ കുറിച്ചു പറഞ്ഞിരുന്നത് തന്നെ.