Gold OTT:ഏഴു വർഷങ്ങൾക്കു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഗോൾഡ്’.പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഡിസംബർ ഒന്നിനാണ് തിയേറ്ററുകളിലെത്തിയത്. ഗോൾഡ് ഡിസംബർ 29 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും.
ടൗണിലെ ഒരു മാളിൽ മൊബൈൽ ഷോപ്പ് നടത്തുകയാണ് ജോഷി. പെരിയാറിന്റെ തീരത്തുള്ള വീട്ടിൽ അമ്മയ്ക്ക് ഒപ്പമാണ് ജോഷിയുടെ താമസം. വിവാഹാലോചനകളും പെണ്ണുകാണലും കാറുവാങ്ങലുമൊക്കെയായി ജീവിതത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവാനുള്ള ശ്രമത്തിലാണ് ജോഷി (പൃഥ്വിരാജ്). ഒരു സുപ്രഭാതത്തിൽ അമ്മ ജോഷിയെ വിളിച്ചുണർത്തുന്നത് വിചിത്രമായൊരു കാഴ്ചയിലേക്കാണ്, ജോഷിയുടെ വീട്ടുവളപ്പിലേക്കുള്ള വഴിയടച്ച് ആരോ ഒരു വണ്ടി പാർക്ക് ചെയ്തിരിക്കുന്നു. ഉപേക്ഷിക്കപ്പെട്ട ആ ബൊലേറോ ജോഷിയുടെ പ്രശ്നമായി മാറുന്നു. ആ വണ്ടിയെ ചുറ്റിപ്പറ്റിയുള്ള ജോഷിയുടെ ജീവിതത്തിലെ ഏതാനും ദിവസങ്ങളാണ് ‘ഗോൾഡ്’ പറയുന്നത്.
പൃഥ്വിരാജ്, നയൻതാര എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നതിനൊപ്പം അജ്മൽ അമീർ, ജഗദീഷ്, സൈജു കുറുപ്പ്, അൽതാഫ്, കൃഷ്ണശങ്കർ, വിനയ് ഫോർട്ട്, റോഷൻ മാത്യു,സാബുമോൻ, ലാലു അലക്സ്, ശബരീഷ് വർമ്മ, പ്രേംകുമാർ, മല്ലിക സുകുമാരൻ, ദീപ്തി സതി, ബാബുരാജ്, ശാന്തികൃഷ്ണ, ഷമ്മി തിലകൻ, ഇടവേള ബാബു, അബു സലിം, സുരേഷ് കൃഷ്ണ, തെസ്നി ഖാൻ, ജാഫർ ഇടുക്കി തുടങ്ങി 23 ഓളം താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ‘ഗോൾഡ്’ നിര്‍മ്മിച്ചത്.