നിലവില്‍ സിനിമലോകത്ത് പിന്നണിയിലും മുന്നണിയിലും ഏറ്റവും സജീവമായിട്ടുള്ള ദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. ഇരുവരോടുമുള്ള സ്നേഹം മകള്‍ അലംകൃതയോടും ആരാധകര്‍ക്കും സിനിമസ്നേഹികള്‍ക്കുമുണ്ട്. പൃഥ്വിയുടേയും സുപ്രിയയുടേയും സമൂഹമാധ്യമങ്ങളിലൂടെ അല്ലി എന്ന് വിളിപ്പേരുള്ള അലംകൃതയെ എല്ലാവര്‍ക്കും സുപരിചിതമാണ്.
ക്രിസ്‌മസ് ദിനത്തിൽ മകൾക്ക് ഇരുവരും ചേര്‍ന്ന് നല്‍കിയ സമ്മാനം അല്ലി തന്നെ എഴുതിയ കവിതകളുടെ സമാഹാരമായിരുന്നു. സുപ്രിയ തന്നെയാണ് ഇക്കാര്യം തന്റെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. അല്ലിയുടെ ചിത്രവും കവിതയ്‌ക്കൊത്ത വരകളും ചേർത്ത് മനോഹരമാക്കിയ പുസ്‌തകത്തിന്റെ വീഡിയോയും ഫൊട്ടോയും സുപ്രിയ പങ്കുവച്ചിരുന്നു.
എന്നാല്‍ കവിതാ സമാഹാരം ആര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുപ്രിയ. സുപ്രിയയുടെ പിതാവ് വിജയ് മേനോനാണ് അല്ലിയുടെ ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോംസ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. അല്ലിക്ക് പിതാവിനോടുള്ള അടുപ്പമാണ് ഇതിന് പിന്നിലെന്നും വൈകാരികമായ കുറിപ്പിലൂടെ സുപ്രിയ അറിയിച്ചു.
“കഴിഞ്ഞ വർഷം അവള്‍ തന്നെ എഴുതിയ ചെറുകവിതകളുടെ/ഗാനങ്ങളുടെ സമാഹാരമാണ് അല്ലിയുടെ ആദ്യ പുസ്തകം. അവളുടെ കവിതയെഴുതാനുള്ള കഴിവ് വിലപ്പെട്ടതാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അവളുടെ എഴുത്തുകള്‍ എങ്ങനെ സൂക്ഷിക്കാനാകും എന്നത് എനിക്കറിയില്ലായിരുന്നു. അപ്പോഴാണ് അതെല്ലാം ഒരു പുസ്തകരൂപത്തിലാക്കാമെന്ന് കരുതിയത്,” സുപ്രിയ കുറിച്ചു.
“അച്ഛൻ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ ഞാനുമൊപ്പം ഉണ്ടായിരുന്നു. ആ സമയത്താണ് പബ്ലിഷറുമായി ഇതേക്കുറിച്ച് ആദ്യം സംസാരിച്ചത്. അച്ഛന്റെ ചികിത്സാസംബന്ധമായ കാര്യങ്ങള്‍ക്കിടയിലാണ് ഞാന്‍ ഇതെല്ലാം ഏകോപിപ്പിച്ചത്. എന്റെ അച്ഛനുണ്ടായിരുന്നെങ്കില്‍ അല്ലിയൊരു എഴുത്തുകാരിയായതില്‍ അഭിമാനിക്കുമായിരുന്നു,” സുപ്രിയ കൂട്ടിച്ചേര്‍ത്തു.
“കൊവിഡ് ബാധിക്കുന്നതുവരെ ദിവസവും അവളെ സ്‌കൂളിലേക്ക് കൊണ്ടു പോകുന്നതും വരുന്നതുമെല്ലാം ചെയ്തിരുന്നത് അച്ഛനായിരുന്നു. അതിനാൽ അവളുടെ ആദ്യ പുസ്തകം അദ്ദേഹത്തിന് വേണ്ടി സമര്‍പ്പിക്കുകയാണ്,” സുപ്രിയയുടെ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ മാസമാണ് സുപ്രിയയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്
Also Read: അല്ലിക്ക് സുപ്രിയ നൽകിയ ക്രിസ്‌മസ് സമ്മാനം