scorecardresearch

‘അള്ള് രാമേന്ദ്ര’നെ കുറിച്ച് സംവിധായകൻ ബിലഹരി

മാസ്, കോമഡി, ത്രില്ലർ തുടങ്ങിയ എല്ലാ ഴോണർ ഏരിയകളെയും സ്പർശിച്ചുപോവുന്ന ഒരു എന്റർടെയിനർ ആയിരിക്കും ‘അള്ള് രാമേന്ദ്രൻ’

‘അള്ള് രാമേന്ദ്ര’നെ കുറിച്ച് സംവിധായകൻ ബിലഹരി

ലക്ഷങ്ങളും കോടികളും മുടക്കി സിനിമ ചെയ്യുന്ന മലയാള സിനിമാലോകത്തേക്കാണ് രണ്ടുവർഷം മുൻപു വെറും 25,000 രൂപ ബജറ്റിൽ നിർമ്മിച്ച   ‘പോരാട്ടം’ എന്ന കൊച്ചു ചിത്രവുമായി ബിലഹരി  കടന്നുവന്നത്.   ഏറെ നാളായി മനസ്സിൽ കൊണ്ടുനടന്ന സിനിമയെന്ന വലിയ സ്വപ്നത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായിരുന്നു ബിലഹരിയ്ക്ക് ‘പോരാട്ടം’.

കുഞ്ചാക്കോ ബോബൻ നായകനാവുന്ന തന്റെ രണ്ടാമത്തെ ചിത്രം ‘അള്ള് രാമേന്ദ്രൻ’ റിലീസിനൊരുങ്ങുമ്പോൾ   പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും കടന്നുവന്ന വഴികളെ കുറിച്ചും  ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് മനസ്സു തുറക്കുകയാണ് ബിലഹരി.

” സാധാരണക്കാരായ പ്രേക്ഷകർക്ക് ഇഷ്ടമാവുന്ന രീതിയിൽ, അവർക്ക് ആസ്വദിക്കാവുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഒരു ചെറിയ ചിത്രമാണ് ‘അള്ള് രാമേന്ദ്രൻ’. ഇത് ക്രിട്ടിക്കുകൾക്കുള്ള സിനിമയല്ല. ട്രെയിലറിൽ റിവീൽ ചെയ്തതു പോലെ മാസ്, കോമഡി, ത്രില്ലർ തുടങ്ങിയ എല്ലാ ഴോണർ ഏരിയകളെയും സ്പർശിച്ചുപോവുന്ന ഒരു എന്റർടെയിനർ ആയിരിക്കും ‘അള്ള് രാമേന്ദ്രൻ’,” ബിലഹരി പറയുന്നു.

“വളരെ സങ്കീർണ്ണതകളുള്ള ഒരു വ്യക്തിയാണ് ഈ സിനിമയിലെ നായകകഥാപാത്രം. രാമേന്ദ്രൻ പെട്ടെന്ന് അസ്വസ്ഥനാവും. ആരോടു വേണമെങ്കിലും ദേഷ്യപ്പെടും. അങ്ങനെ അൽപ്പം കലിപ്പ് മോഡിലുള്ള ഒരു കഥാപാത്രം.  ചിരിയുടെ കാര്യത്തിൽ ഏറെ പേരുകേട്ട, റൊമാന്റിക് ഹീറോ ഇമേജുള്ള നായകനാണല്ലോ ചാക്കോച്ചൻ.​ എന്നാൽ ചാക്കോച്ചൻ ഈ സിനിമയിൽ​​ അധികം ചിരിക്കുന്നൊന്നുമില്ല.  ‘അള്ള്’ കിട്ടുന്ന  ഒരു അവസ്ഥയിൽ അയാൾ  പ്രശ്നങ്ങളെ നേരിടുന്നതാണ് സിനിമ.”

നിർമ്മാതാവായ ആഷിഖ് ഉസ്മാനോട് സംസാരിക്കുമ്പോൾ ഈ കഥാപാത്രത്തിന് ഒരു ബെയ്സ് സ്‌ട്രെക്ച്ചർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടുള്ള ചർച്ചകളിലാണ് ആ കഥാപാത്രത്തെ ഡെവലപ്പ് ചെയ്തെടുത്തത്.  റൊമാന്റിക് ഹീറോ എന്ന പതിവുശൈലിയിൽ നിന്നു മാറി അൽപ്പം സീരിയസായ ഈ കഥാപാത്രം ചാക്കോച്ചൻ അവതരിപ്പിച്ചാൽ അതു  കുറച്ചുകൂടി ഇംപ്രസീവ് ആവുമെന്നു തോന്നി. ‘അള്ള് രാമേന്ദ്രൻ’  ചാക്കോച്ചന്റെ കയ്യിൽ ഭദ്രമായിരിക്കുമെന്ന് ഒരാത്മവിശ്വാസം ഉണ്ടായിരുന്നു.”

“കഥ പറയാൻ ചെന്നപ്പോൾ ചാക്കോച്ചൻ ആദ്യം ചോദിച്ചത് ‘പഞ്ചർ ആണല്ലേ?’ എന്നാണ്. വണ്ടി പഞ്ചറാക്കുന്ന കലാപരിപരിപാടിയാണല്ലോ അള്ള്. ഞങ്ങൾ ചിരിച്ചപ്പോൾ “എന്നാൽ ഊതി വീർപ്പിക്കൂ’ എന്ന് പറഞ്ഞാണ് ചാക്കോച്ചൻ കഥ കേട്ടു തുടങ്ങിയത്. കഥ കേട്ടപ്പോൾ  ചാക്കോച്ചൻ കൈ  തന്ന് പ്രൊജക്റ്റ് ഉറപ്പിച്ചു.  ആദ്യം മുതൽ അവസാനം വരെ പുള്ളി കട്ടയ്ക്ക് കൂടെയുണ്ടായിരുന്നു. ‘തട്ടിൻപ്പുറത്ത് അച്ചുത’ന്റെ ലൊക്കേഷനിൽ നിന്നും  ‘അള്ളു രാമേന്ദ്രന്റെ’ ലുക്കിലാണ് ചാക്കോച്ചൻ ലൊക്കേഷനിലേക്കു വരുന്നത്.” ബിലഹരി കൂട്ടിച്ചേർക്കുന്നു.

ചാന്ദ്നി ശ്രീധരനും അപർണ ബാലമുരളിയുമാണ് ചിത്രത്തിലെ നായികമാർ. കൃഷ്ണശങ്കറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.   ഫുട്ബോൾ പ്രേമിയായ നാട്ടിൻപ്പുറത്തെ തൊഴിൽ രഹിത യുവാവ് ആയാണ് കൃഷ്ണശങ്കർ അഭിനയിക്കുന്നത്. കൃഷ്ണ ശങ്കറിന്റെ നായികയായാണ് അപർണ അഭിനയിക്കുന്നത്.

സിനിമ ബിലഹരിയെ തേടിവന്നതാണോ? അതോ ബിലഹരി സിനിമയെ തേടിപ്പോയതോ?

ഞാനാണ് സിനിമയെ തേടിപോയത്. സിനിമയോടുള്ള ഇഷ്ടം കൊണ്ട് കോളേജിൽ പഠിക്കുമ്പോൾ ചില ഹ്രസ്വചിത്രങ്ങളൊക്കെ ചെയ്തിരുന്നു. പിന്നെ എന്തെങ്കിലും ഒരു തൊഴിൽ കണ്ടെത്തേണ്ടതുണ്ട് എന്നതുകൊണ്ട് മെഡിക്കൽ റപ്പ് ആയൊക്കെ കുറേനാൾ അലഞ്ഞിട്ടുണ്ട്.  മനസ്സിൽ സിനിമാപ്രേമം ശക്തമായതോടെ വീണ്ടും  ഹ്രസ്വചിത്രങ്ങളിലേക്കും മ്യൂസിക് വീഡിയോ ഡയറക്ഷനിലേക്കുമൊക്കെ  തിരിഞ്ഞു. ആ സമയത്താണ് സിനിമാ പാരഡൈസെോ ക്ലബ്ബിന്റെ ആദ്യ സംരംഭമായ ഹ്രസ്വചിത്രം സംവിധാനം ചെയ്യുന്നത്. അതോടെ ഇതു തന്നെയാണ് എന്റെ വഴി എന്ന് മനസ്സിലുറപ്പിച്ചു. സുഹൃത്തുക്കളുമായി ചേർന്ന് ഒരു പരസ്യകമ്പനി ആരംഭിച്ചു. 35 ഓളം പരസ്യചിത്രങ്ങൾ ഞങ്ങൾ ചെയ്തിട്ടുണ്ട്.

അതിനിടയിൽ എഞ്ചിനീയറിംഗ് കോളേജ്, ആർട്സ് കോളേജ്, ടെക്നോ പാർക്ക് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കും സിനിമയോട് താൽപ്പര്യമുള്ള യുവാക്കൾക്കുമായി നിരവധി ഫിലിം വർക്ക് ഷോപ്പുകൾ സംഘടിപ്പിച്ചു. കോളേജ് വിദ്യാർത്ഥികൾക്ക് ലോകസിനിമയെ പരിചയപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു ആ ഉദ്യമത്തിന്റെ ലക്ഷ്യം.

അപ്പോഴും സിനിമ ചെയ്യണം എന്ന ആഗ്രഹം തന്നെയാണ് മനസ്സിൽ. അങ്ങനെയാണ് ‘പോരാട്ടം’ എന്ന സിനിമ ചെയ്യുന്നത്. ലോകത്തെ തന്നെ ഏറ്റവും ചെലവു കുറഞ്ഞ സിനിമ എന്നു തന്നെ ‘പോരാട്ട’ത്തെ വിശേഷിപ്പിക്കാം.  25000 രൂപയായിരുന്നു ‘പോരാട്ട’ത്തിന്റെ​ ആകെ ബജറ്റ്.  അതോടെ കുറേക്കൂടി വിസിബിലിറ്റി വന്നു.​

ഓരോ സിനിമയ്ക്കു വേണ്ടിയും കോടികൾ ചെലവഴിക്കേണ്ടി വരുമ്പോൾ 25000 രൂപയെന്ന ഇത്രയും ചെറിയ ബജറ്റിൽ ഒരു സിനിമ. എങ്ങനെയാണ് ‘പോരാട്ടം’ എക്സിക്യൂട്ട് ചെയ്തത്?

നമ്മൾ ഒരുങ്ങികഴിഞ്ഞാൽ മറ്റെല്ലാം നമ്മുടെ പിന്തുണയ്ക്ക് എത്തുമെന്ന് പറയാറില്ലേ, അതുപോലെ ഒന്നായിരുന്നു ‘പോരാട്ട’വും. ഞാനെന്റെ സൗഹൃദങ്ങളുടെ ശക്തി ആലോചിച്ചു. നമ്മുടെ കയ്യിൽ എല്ലാവിധ സൗകര്യങ്ങളുമുണ്ട്, നമ്മളത് വളരെ ബുദ്ധിപൂർവ്വം ഉപയോഗിച്ചാൽ മതിയെന്നാണ് ‘പോരാട്ടം’ എനിക്ക് തന്ന പാഠം.

ഒരു സുഹൃത്തിന്റെ കയ്യിൽ സ്വന്തമായ ഒരു ക്യാമറയും ഹെലി ക്യാമും ഉണ്ടായിരുന്നു.  മറ്റൊരു സുഹൃത്ത് സൗണ്ട് റെക്കോർഡിംഗിനു സഹായിച്ചു, സിങ്ക് സൗണ്ടായിരുന്നു നൽകിയത്. മറ്റൊരാൾക്ക് എഡിറ്റിംഗ് ലാബ് ഉണ്ടായിരുന്നു. ഡബ്ബിംഗ് സ്യൂട്ട് ഉള്ള സുഹൃത്തുമുണ്ട്. എല്ലാവരെയും ‘പോരാട്ട ‘ത്തിനു വേണ്ടി ഏകീകരിപ്പിച്ചെടുത്തു.  എന്റെ നാടായ എളവൂരിൽ (നെടുമ്പാശ്ശേരി എയർപോർട്ടിന് അടുത്ത്) തന്നെ ഷൂട്ട് ചെയ്താൽ പിന്നെയും പണം ചുരുക്കാൻ കഴിയുമെന്നു തോന്നി, ഷൂട്ടിംഗ് അങ്ങോട്ടു മാറ്റി.  വളരെ അടുത്ത മറ്റൊരു സുഹൃത്താണ് ഷാലിൻ സോയ. ഷാലിൻ ആണ് ചിത്രത്തിലെ ലീഡ് കഥാപാത്രം. ഷാലിനും നല്ല രീതിയിൽ  സപ്പോർട്ട് ചെയ്തു. എന്റെ സൗഹൃദങ്ങളാണ് ‘പോരാട്ടം’ സാധ്യമാക്കിയത്. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ചിത്രം ഇതുവരെ റിലീസിനെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ‘അള്ള് രാമേന്ദ്രൻ’ റിലീസ് കഴിഞ്ഞ് ഞാൻ ‘പോരാട്ട’ത്തിന്റെ ഒരു പ്രിവ്യൂ പ്ലാൻ ചെയ്യുന്നുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Allu ramendran director bilahari interview