ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തള’ത്തെ ആസ്പദമാക്കി ഒരുക്കിയ ‘ശാകുന്തള’ത്തിന്റെ ട്രെയിലർ ഇന്നലെയാണ് റിലീസ് ചെയ്തത്. ട്രെയിലറിൽ സിംഹപ്പുറത്തേറി വരുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. തെന്നിന്ത്യൻ താരം അല്ലു അർജുന്റെ മകൾ അല്ലു അര്‍ഹയാണ് ആ മിടുക്കി. ചിത്രത്തില്‍ ഭരത രാജകുമാരനായാണ് അല്ലു അര്‍ഹ വേഷമിടുന്നത്.
സിനിമയുടെ ചിത്രീകരണ വേളയിൽ തന്നെ ഇക്കാര്യം അല്ലു അർജുൻ ഇൻസ്റ്റഗ്രാമിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
അല്ലു അർജുന്റെയും സ്നേഹ റെഡ്ഡിയുടെയും രണ്ടുമക്കളിൽ ഇളയ ആളാണ് അർഹ. അയാൻ എന്നൊരു മകൻ കൂടി ഈ ദമ്പതികൾക്കുണ്ട്.
സാമന്തയും ദേവ് മോഹനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘ശാകുന്തളം’ ഫെബ്രുവരി 17ന് തിയേറ്ററുകളിൽ എത്തും. ഗുണശേഖറാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദിതി ബാലൻ, മോഹൻ ബാബു, സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരും ചിത്രത്തിലുണ്ട്. സംഗീത സംവിധാനം ശർമ. ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക.