സെലിബ്രിറ്റികളുടെ ജീവിതത്തെ കുറിച്ച് അറിയാൻ പ്രത്യേകിച്ച് അവരുടെ ബാല്യകാലത്തെ കുറിച്ചറിയാൻ പ്രേക്ഷകർക്ക് എപ്പോഴും കൗതുകമാണ്. പല സെലിബ്രിറ്റികളും ഇടയ്ക്കിടെ അവരുടെ ബാല്യകാല ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. പലരേയും കാണുമ്പോൾ ഇന്നത്തെ രൂപത്തോട് യാതൊരു സാദൃശ്യവും തോന്നില്ല.

ഇന്നലെ മുതൽ ഇതുപോലൊരു പയ്യന്റെ ബാല്യകാല ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നത്. അത് മറ്റാരുടേയുമല്ല, തെന്നിന്ത്യൻ നായകൻ അല്ലു അർജുന്റേത് തന്നെ. ഇന്നലെ അതായത് ഏപ്രിൽ എട്ടിന് അല്ലു അർജുന്റെ 37-ാം പിറന്നാളായിരുന്നു. അല്ലുവിന് ആശംസകൾ നേർന്ന പല തെലുങ്ക് താരങ്ങളും അദ്ദേഹത്തിന്റെ ബാല്യകാല ചിത്രമാണ് പങ്കുവച്ചത്.

ഭാര്യയ്ക്കും മക്കൾക്കുമൊപ്പം പിറന്നാൾ കേക്ക് മുറിക്കുന്ന അല്ലു അർജുന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മലയാളികൾക്കും ഏറെ ഇഷ്ടമുള്ള താരമാണ് അല്ലു അർജുൻ. കേരളത്തിൽ ഫാൻസ് അസോസിയേഷനുള്ള ചുരുക്കം തെലുങ്ക് താരങ്ങളിൽ ഒരാൾ. കേരളത്തിൽ പലപ്പോഴും വരാറുമുണ്ട് അല്ലു. കഴിഞ്ഞദിവസം കേരളത്തിന്റെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് താരം 25 ലക്ഷം രൂപ സംഭാവന നൽകിയത് വാർത്തയായിരുന്നു.

തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് നൽകിയ ദുരിതാശ്വാസ തുകയ്‌ക്കു പുറമേയാണ് അല്ലു അർജുൻ കേരളത്തിനും സംഭാവന ചെയ്‌തിരിക്കുന്നത്. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരളത്തിനൊപ്പം താനുണ്ടെന്ന് അല്ലു അർജുൻ അറിയിച്ചതായി മുഖ്യമന്ത്രിയാണ് പറഞ്ഞത്. കോവിഡ് ദുരിതാശ്വാസത്തിനായി അല്ലു അർജുൻ ഇതുവരെ 1.25 കോടി രൂപ നൽകി. പ്രളയസമയത്തും കേരളത്തിനു സഹായഹസ്‌തവുമായി അല്ലു അർജുൻ രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook