/indian-express-malayalam/media/media_files/uploads/2022/11/allu-arjun.jpg)
ഒരൊറ്റ മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്കു ഏറെ പ്രിയപ്പെട്ട താരമാണ് അല്ലു അർജുൻ. ഡബ്ബ് ചെയ്ത് മലയാളികൾക്കു മുന്നിലെത്തിയ അനവധി അല്ലു അർജുൻ ചിത്രങ്ങളാണ് ആസ്വാദകർ ആഘോഷമാക്കിയിട്ടുളളത്. ഹാപ്പി, ബണ്ണി, ആര്യ എന്നിവയിൽ തുടങ്ങി പുഷ്പയിൽ വരെ എത്തി നിൽക്കുന്നു അല്ലു അർജുനും മലയാളകരയുമായിട്ടുളള ആത്മബന്ധം. മലയാളികൾക്കു ആസ്വദിക്കാൻ നല്ല ചിത്രങ്ങൾ മാത്രമല്ല ആളുകളുടെ ഉന്നമനത്തിനായി സേവന പ്രവർത്തനങ്ങൾക്കും ഒരുങ്ങിയിരിക്കുകയാണ് അല്ലു അർജുൻ.
ആലപ്പുഴയിലുളള ഒരു മലയാളി വിദ്യാർത്ഥിനിയിലേയ്ക്കാണ് അല്ലുവിൻെറ സഹായ കരങ്ങളെത്തിയത്. കളക്ടർ കൃഷ്ണ തേജയാണ് തൻെറ ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷ വാർത്ത പങ്കുവച്ചത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് പ്ലസ്ടൂവിനു 92 ശതമാനം മാർക്ക് നേടിയ ഒരു കുട്ടി തന്നെ കാണാൻ വന്നിരുന്നെന്നും എന്നാൽ കോവിഡ് ബാധിച്ച് അച്ഛൻ മരിച്ചതിനാൽ തുടർ പഠനത്തിനു സാധിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. കുട്ടിയുടെ ആവശ്യം കേട്ടയുടനെ വീ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി സഹായം ഉറപ്പിക്കാനൊരുങ്ങുകയായിരുന്നു കളക്ടർ.
"നഴ്സാകാനാണ് മോഹമെന്നാണ് മോൾ എന്നോട് പറഞ്ഞത്. മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ടിയിരുന്ന സമയം കഴിഞ്ഞതിനാല്‍ മാനേജ്‌മെന്റ് സീറ്റിലെങ്കിലും ഈ മോള്‍ക്ക് തുടര്‍ പഠനം ഉറപ്പാക്കണം. അതിനായി വിവിധ കോളേജുകളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കറ്റാനം സെന്റ് തോമസ് നഴ്സിംഗ് കോളേജില്‍ സീറ്റ് ലഭിച്ചു" കളക്ടർ കുറിച്ചു.
കേളേജിൽ ചേർന്നെങ്കിലും തുടർ പഠനം സാധ്യമാകണമെങ്കിൽ ഒരു സ്പോൺസർ ആവശ്യമാണെന്ന സാഹചര്യത്തിലാണ് കളക്ടർ നടൻ അല്ലു അർജുനെ വിളിക്കുന്നത്. കുട്ടിയെക്കുറിച്ചു പറഞ്ഞയുടനെ അല്ലു അർജുൻ നാലു വർഷത്തെയും പഠന ചെലവു വഹിക്കാമെന്നു സന്തോഷത്തോടെ പറയുകയായിരുന്നുവെന്നു കളക്ടർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.