തെലുങ്ക് സിനിമാലോകത്തെ ഏറ്റവും പോപ്പുലറായ താരകുടുംബമാണ് ചിരഞ്ജീവിയുടേത്. മകൻ രാം ചരൺ, അനന്തരവൻ അല്ലു അർജുൻ എന്നിവർ ടോളിവുഡിലെ മുൻനിര നായകന്മാരാണ്. കുടുംബത്തിലെ അംഗങ്ങൾ എല്ലാവരും ഒന്നിച്ച് ക്രിസ്മസ് ആഘോഷിച്ചതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാം ചരണിന്റെ ഭാര്യ ഉപാസനയാണ് ചിത്രം പങ്കുവച്ചത്.
‘മെഗാ കസിൻസ്’ എന്ന അടികുറിപ്പോടെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. താരങ്ങളായ രാം ചരൺ, അല്ലു അർജുൻ,നിഹാരിക കോനിടേല, സായ് ദരം തേജ, അല്ലു സിരിഷ് എന്നിവരെ ചിത്രങ്ങളിൽ കാണാം.
ചിരഞ്ജീവി കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്നെന്ന വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നടൻ രാം ചരണും ഭാര്യ ഉപാസനയും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ രാം ചരൺ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. അനവധി താരങ്ങൾ ഇരുവർക്കും ആശംസകളുമായി എത്തിയിരുന്നു.
രാം ചരൺ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച 2022 ലെ ഹിറ്റ് ചിത്രം ‘ആർ ആർ ആർ’ അനവധി അംഗീകാരങ്ങളാണ് ലോകത്തിന്റെ പല ഭാഗങ്ങിൽ നിന്നായി നേടുന്നത്. എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ജൂനിയർ എൻ ടി ആർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ശ്രിയ ശരൺ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഭിനയത്തിൽ മാത്രമല്ല നിർമ്മാണ മേഖലയിലും രാം ചരൺ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചിരഞ്ജീവി പ്രധാന വേഷം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ‘ഗോഡ്ഫാദറാ’ണ് അവസാനമായി നിർമ്മിച്ച ചിത്രം.