Allu Arjun’s Pushpa Movie Release: അല്ലു അർജുൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘പുഷ്പ’ നാളെ തിയേറ്ററുകളിലേക്ക് എത്തുന്നു. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ ആണ് ചിത്രത്തിൽ പ്രതിനായകനായി എത്തുന്നത്. ഫഹദ് ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് ‘പുഷ്പ’. അല്ലുവും ഫഹദും വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.സാമന്തയും ചിത്രത്തിൽ ഒരു ഐറ്റം സോങ്ങിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ ഗാനം ആലപിച്ചിരിക്കുന്നത് ഗായികയും നടിയുമായ രമ്യ നമ്പീശനാണ്.
രണ്ട് ഭാഗങ്ങളായി റിലീസിനെത്തുന്ന ചിത്രമാണ് ‘പുഷ്പ’. ആദ്യഭാഗത്തിന് ‘പുഷ്പ -ദ റൈസ്’എന്നാണ് പേരു നൽകിയിരിക്കുന്നത്. സുകുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ. ദേവി ശ്രീ പ്രസാദാണ് പുഷ്പയുടെ സംഗീതസംവിധായകൻ. സംവിധായകൻ സുകുമാറും സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദുമായി അല്ലു അർജുൻ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘പുഷ്പ’. ‘ആര്യ’, ‘ആര്യ 2’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലാണ് ഇവർ മൂന്നുപേരും ഇതിന് മുൻപ് ഒരുമിച്ചത്. അല്ലു അർജുന് ബ്രേക്ക് നൽകിയ, കേരളത്തിലും അല്ലുവിന് ഏറെ ആരാധകരെ നേടികൊടുത്ത ചിത്രമായിരുന്നു ‘ആര്യ’.
‘പുഷ്പ’യുടെ റിലീസിനു മുന്നോടിയായി നടൻ അല്ലു അർജുനും രശ്മികയും സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദും ബുധനാഴ്ച കൊച്ചിയിലെത്തിയിരുന്നു.