അല്ലു അർജുൻ ആരാധകർക്ക് സന്തോഷവാർത്ത. അല്ലു അർജുൻ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി. ജീവിതത്തിലെ സുന്ദര നിമിഷങ്ങളും ഓർമകളും ഇൻസ്റ്റഗ്രാമിലൂടെ നവംബർ 21 ന് നൽകുമെന്ന് നവംബർ 19 ന് സോഷ്യൽ മീഡിയയിലൂടെ ബണ്ണി തന്റെ ആരാധകരെ അറിയിച്ചിരുന്നു. എന്തുകൊണ്ട് നവംബർ 21 എന്നായിരുന്നു അപ്പോൾ ആരാധകർ ചിന്തിച്ചത്. ഇന്നിതാ അതിന്റെ രഹസ്യവും അല്ലു ഇൻസ്റ്റഗ്രാമിലൂടെ തന്നെ അറിയിച്ചിരിക്കുന്നു.

ഇന്ന് അല്ലുവിന്റെ മകൾ അർഹയുടെ ഒന്നാം പിറന്നാളാണ്. മകളുടെ സുന്ദരമായ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് അല്ലു ഇൻസ്റ്റഗ്രാമിലെ തന്റെ വരവ് അറിയിച്ചത്. മനോഹരമായ ഫ്രോക്കണിഞ്ഞ് കേക്കിനു മുന്നിൽ അർഹ ഇരിക്കുന്നതാണ് ചിത്രം. ”എന്റെ ലിറ്റിൽ ഏയ്ഞ്ചൽ അർഹയ്ക്ക് ഇന്ന് പിറന്നാൾ. ഒരു വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ല”- ചിത്രത്തിനൊപ്പം അല്ലുവിന്റെ വാക്കുകൾ.

കഴിഞ്ഞ നവംബർ 21 നാണ് അല്ലുവിന് പെൺകുഞ്ഞ് പിറന്നത്. ട്വിറ്ററിലൂടെയാണ് മകൾ ജനിച്ച വിവരം അല്ലു ആരാധകരെ അറിയിച്ചത്. അല്ലുവിന് ഒരു മകൻ കൂടിയുണ്ട് അർജുൻ.

‘നാ പേരു സൂര്യ’ എന്ന ചിത്രത്തിലാണ് അല്ലു അർജുൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ഒരു യോദ്ധാവായിട്ടാണ് അല്ലു എത്തുന്നതെന്നാണ് വിവരം. ഇതിനുവേണ്ടി കഠിന പരിശീലനം അല്ലു നടത്തുന്നതായും റിപ്പോർട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook