മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ. കേരളത്തോട് തനിക്കുള്ള സ്‌നേഹം അല്ലു അർജുൻ പലപ്പോഴും പരസ്യമാക്കിയിട്ടുണ്ട്. ഇപ്പോൾ ഇതാ കോവിഡ് പ്രതിസന്ധിയിലും കേരളത്തിനു കെെത്താങ്ങാകുകയാണ് അല്ലു അർജുൻ. കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അല്ലു അർജുൻ 25 ലക്ഷം രൂപ സംഭാവന നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് നൽകിയ ദുരിതാശ്വാസ തുകയ്‌ക്കു പുറമേയാണ് അല്ലു അർജുൻ കേരളത്തിനും സംഭാവന ചെയ്‌തിരിക്കുന്നത്. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേരളത്തിനൊപ്പം താനുണ്ടെന്ന് അല്ലു അർജുൻ അറിയിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് ദുരിതാശ്വാസത്തിനായി അല്ലു അർജുൻ ഇതുവരെ 1.25 കോടി രൂപ നൽകി. പ്രളയസമയത്തും കേരളത്തിനു സഹായഹസ്‌തവുമായി അല്ലു അർജുൻ രംഗത്തെത്തിയിരുന്നു. അല്ലു അർജുന്റെ ജന്മദിനമാണിന്ന്.

Read Also: ഈ ഐശ്വര്യയെ കണ്ടാൽ ആർക്കും കണ്ണെടുക്കാൻ തോന്നില്ല; വീഡിയോ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മികച്ച രീതിയിൽ സംഭാവനകൾ ലഭിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സാധിക്കുന്നവരെല്ലാം തങ്ങളാൽ ആവുന്നവിധം സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ മോഹൻലാൽ ഇന്നലെ 50 ലക്ഷം രൂപ നൽകി. കോവിഡ് പ്രവർത്തനങ്ങൾക്കായി ലഭിക്കുന്ന തുക മറ്റൊരു അക്കൗണ്ടിലാണ് സൂക്ഷിക്കുന്നതെന്നും ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കോവിഡ് പ്രതിരോധത്തിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന എല്ലാ നിയന്ത്രണങ്ങളേയും മോഹൻലാൽ അഭിനന്ദിച്ചു. കോവിഡ് പ്രതിരോധത്തിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയുടെ നേതൃശേഷി ചരിത്രത്തിന്റെ ഭാഗമാകുമെന്നും മോഹൻലാൽ പറഞ്ഞു. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മോഹൻലാൽ നേരത്തെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ പ്രളയസമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.

Read Also: പള്ളിയിൽ മോഷണം; വീഞ്ഞ് കുപ്പി അടക്കം കവർന്നു

അതേസമയം, കേരളത്തിൽ ഇന്നു ഒൻപത് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലുള്ള 13 പേർക്ക് കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ ജില്ലയിൽ നാല് പേർക്ക് ഇന്നു കോവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മൂന്നുപേരുടെയും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ രണ്ടുപേരുടെയും കണ്ണൂര്‍ ജില്ലയില്‍ ഒരാളുടെയും ഫലം ഇന്ന് നെഗറ്റീവായി.

പത്തനംതിട്ട, കാസർഗോഡ്, തൃശൂർ ജില്ലകളിൽ ഓരോരുത്തർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ നാല് പേർ വിദേശത്തു നിന്ന് എത്തിയവരാണ്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ രണ്ട് പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 345 ആയി. 259 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook