അല്ലു അർജുൻ - അറ്റ്ലി ചിത്രത്തിന്റെ പ്രഖ്യാപനം അല്ലുവിന്റെ പിറന്നാൾ ദിനത്തിൽ നടന്നു. സൺ പിക്ചേഴ്സ് ആണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ അന്നൗൺസ്‌മെന്റിന്റെ ഭാഗമായി രണ്ടു മിനുട്ടുള്ള ഒരു വീഡിയോ സൺ പിക്ചേഴ്സ് റിലീസ് ചെയ്തു.
നിർമാതാവായ കലാനിധി മാരനും സംവിധായകൻ അറ്റ്ലിയും അല്ലു അർജുനും ചെന്നൈയിൽ നിന്ന് ലോകരാജ്യങ്ങളിലേക്കുള്ള യാത്രയും ഈ ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരുമായുള്ള കൂടികാഴ്ചയും ഈ ചിത്രത്തിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളും വിഡിയോയിൽ കാണാം.
അമേരിക്കയിലെ ലോലാ വിഎഫ്എക്സ്, സ്പെക്ട്രൽ മോഷൻ, യുഎസ്, എ, ഫ്രാക്ചേർഡ് എഫ്എക്സ്, ഐഎൽഎം ടെക്നോപ്രോപ്സ്, അയൺ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്സ് എന്നീ സ്ഥാപനങ്ങളാണ് ഈ ചിത്രത്തിനായി അറ്റ്ലിയോടൊപ്പം സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നത്. അറ്റ്ലി ഇതുവരെ ചെയ്ത ജോണറുകളിൽ വ്യത്യസ്തമായ ഈ ചിത്രം ആഗോള പ്രേക്ഷകരെ ആകർഷിക്കുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ.
ഇന്ത്യൻ സിനിമയുടെ തന്നെ ഏറ്റവും വലിയ സഹകരണം കൂടിയാണ് ഈ പ്രൊജക്ടെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. ബോക്സ്ഓഫീസിൽ ആയിരം കോടിയിൽ പ്രവേശിച്ച ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനും ലോകമെമ്പാടും ആരാധകരുള്ള സൂപ്പർ താരം അല്ലു അർജുനും വൻകിട നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സുമായി കൈകോർക്കുന്ന ചിത്രത്തിൽ ലോകത്തിലെ മികച്ച സാങ്കേതിക വിദഗ്ദ്ധർ ഒരുമിക്കുന്നു. അല്ലു അർജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണിത്. ലോകോത്തര മികവുള്ള ഇന്ത്യൻ സിനിമാ പ്രഖ്യാപനത്തിന്റെ വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.