അനായാസ അഭിനയവും ഡാന്‍സും കൊണ്ട് തെലുങ്കിലെ സൂപ്പര്‍ താരങ്ങളിലൊരാളായി മാറിയ നടനാണ് അല്ലു അര്‍ജുന്‍. ആര്യ എന്ന മെഗാഹിറ്റ് ചിത്രമിറങ്ങിയതിനു ശേഷമാണ് അല്ലുവിന് തെലുങ്കിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരെ ലഭിച്ചിരുന്നത്. ഒരു പ്രണയ ചിത്രമായി പുറത്തിറങ്ങിയ ആര്യ യുവഹൃദയങ്ങളുടെ മനസ് കീഴടക്കിയ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ആര്യയ്ക്ക് ശേഷവും നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ അല്ലു തന്റെ കരിയറില്‍ ചെയ്തിരുന്നു. തെലുങ്കിലെ സ്റ്റൈലിഷ് താരമായാണ് അല്ലു അറിയപ്പെടുന്നത്. ആരാധകര്‍ കാണിക്കുന്ന സ്നേഹം അതേപടി തിരിച്ചു കൊടുക്കുന്നതിലും താരം ശ്രദ്ധേയനാണ്.
നേരത്തേ ആരാധകരുടെ വീട്ടിലെത്തിയ അദ്ദേഹത്തിന്റെ പ്രവൃത്തി വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു ആരാധകനെ കാണാന്‍ അദ്ദേഹം എത്തിയ വാര്‍ത്തയാണ് ആരാധകരുടെ കണ്ണു നനച്ചത്. ദേവ് സായി ഗണേഷ് എന്ന ആരാധകനെ കാണാനാണ് അല്ലു വിശാഖപട്ടണത്തെത്തിയത്. ദേവും കുടുംബവും അല്ലുവിനൊപ്പം സമയം ചെലവഴിച്ചാണ് മടങ്ങിയത്. ഒരാളുടെ അവസാനത്തെ ആഗ്രഹമായിരിക്കുക എന്നത് എത്ര വലിയ ബഹുമതിയാണെന്ന് അല്ലു അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒരു ചെറുപ്പക്കാരന്‍ അകലേക്ക് മറയുന്നത് കാണുന്നത് ഹൃദയഭേദകമാണെന്നും അല്ലു വ്യക്തമാക്കി.
അല്ലുവിന്റെതായി തിയ്യേറ്ററുകളിലെത്തിയ പുതിയ ചിത്രമാണ് നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ റദ്ദാക്കിയായിരുന്നു അല്ലു വിശാഖപട്ടണത്ത് എത്തിയത്. അല്ലുവിന്റെ പതിവ് ചിത്രങ്ങള്‍ പോലെ ഇതും ഒരു മാസ് എന്റര്‍ടെയ്‌നറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. മലയാളി താരം അനു ഇമ്മാനുവലാണ് ചിത്രത്തില്‍ അല്ലുവിന്റെ നായികയായി എത്തുന്നത്. തമിഴ് സൂപ്പര്‍ താരങ്ങളായ അര്‍ജുനും ശരത്കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകള്‍ക്കും പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തില്‍ ആര്‍മി ഓഫീസറായിട്ടാണ് അല്ലു എത്തുന്നത്. മെയ് നാലിന് തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലുളള മികച്ചൊരു എന്റര്‍ടെയ്‌നറാണ് അല്ലുവിന്റെ പുതിയ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
തെലുങ്കിലെന്ന പോലെ കേരളത്തിലും തമിഴ് നാട്ടിലും ചിത്രം ഒരേസമയം പ്രദര്‍ശനത്തിനെത്തിയിരുന്നു. എല്ലാ തിയ്യേറ്ററുകളിലും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ റിലീസ് ദിവസം അല്ലു ആരാധകര്‍ ചെയ്ത പ്രവൃത്തി കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചെന്നൈയിലുളള അല്ലുവിന്റെ ആരാധകര്‍ വിരല്‍ മുറിച്ച് കട്ടൗട്ടില്‍ ചോര ഒഴുക്കിയാണ് ചിത്രത്തിന്റെ റിലീസ് ആഘോഷിച്ചിരുന്നത്. പാല്‍ അഭിഷേകവും മാലയിടലുമൊക്കെ സൂപ്പര്‍ താര ചിത്രങ്ങളുടെ റിലീസിന് ആരാധകര്‍ നടത്താറുണ്ടെങ്കിലും ഇത് കുറച്ച് കൂടിപ്പോയെന്നാണ് സമൂഹമാധ്യമങ്ങളില്‍ എല്ലാവരും അഭിപ്രായപ്പെടുന്നത്. വിരല്‍ മുറിച്ച് ജയ് ബണ്ണി ജയ്ജയ് ബണ്ണി എന്ന മുദ്രാവാക്യം വിളിച്ചാണ് അല്ലു ചിത്രത്തിന്റെ റിലീസ് ആരാധകര്‍ ആഘോഷിച്ചിരുന്നത്.