Jallikattu Movie: മലയാള സിനിമ ലോകഭൂപടത്തില്‍ പുതിയ കാലത്തില്‍ അടയാളപ്പെടുന്നത് എങ്ങനെയാണെന്ന് ലിജോ ജോസ് പെല്ലിശ്ശേരി ടൊറന്റോ ഇന്റെര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കാണിച്ചു തന്നതാണ്. അന്ന് അനേകം ട്വീറ്റ്കളിലൂടെ കേരളത്തിലെ ഒരു ചെറിയ ഗ്രാമം ഒരു അന്തര്‍ദേശീയ വേദിയെ ഇളക്കി മറിച്ചതു കണ്ട് കൊണ്ടു തന്നെയാണ് കേരളത്തിലെ സിനിമാ ആസ്വാദകര്‍ കേരളത്തിലേക്ക് പോത്തിന്റെ വരവിനെ കാത്തിരുന്നത്.
എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന ചെറുകഥയുടെ ഉള്ളില്‍ നിന്നാണ് ‘ജല്ലിക്കെട്ട്’ രൂപം കൊള്ളുന്നത്. ലിജോ ജോസിന്റെ സംവിധാന മികവും ഗിരീഷ് ഗംഗാധരന്റെ ക്യാമറയും ശബ്ദ വിന്യസത്തില് (ശബ്ദലേഖനം. രംഗനാഥ് രവി, കണ്ണന് ഗണപത്, സംഗീതം. പ്രശാന്ത് പിള്ളൈ) സ്വീകരിക്കപ്പെട്ട ഗോത്ര ശബ്ദങ്ങളുടെ ആവിഷ്കാരവും പുതിയ ഒരനുഭവത്തെ നിര്‍മിക്കുന്നു.
Read Here: Jallikkattu Movie Review: കണ്ടതൊരു മലയാള സിനിമയോ?: അത്ഭുതമായി ജല്ലിക്കട്ട്
ഒരു സ്ത്രീയില്‍ നിന്നും ജനിക്കുന്ന കാമാവേശവും അതിനു വേണ്ടിയുള്ള പടവെട്ടലും ഉള്ളില്‍ പേറിക്കൊണ്ടാണ് പോത്തിന്റെ ദേശപര്യടനം തുടങ്ങുന്നത് . യഥാര്‍ത്ഥത്തില്‍ പോത്തിന്റെ പിന്നാലെ പോകുന്നവന് സ്വയം ജയിക്കാന്‍ എന്തു വഴിയും നോക്കുന്നുണ്ട്. ഒരു പോത്തിനു ചുറ്റും ദാ പ്രപഞ്ചം ഓടുന്നു എന്നു പറയുമ്പോള്‍ മരണത്തിനും കാലത്തിനും പ്രതിരൂപനായ പോത്തിനെ പിടിക്കാന്‍ ഓടുന്ന ദേശശരീരത്തിന്റെ തന്നെ ആസക്തികളുടെ മാരത്തോണ്‍ മത്സരമാകുന്നു.
കറി വയ്ക്കാന്‍ തയ്യാറായ, കശാപ്പിനു കൊണ്ടു വന്ന പോത്താണ് കയര്‍ പൊട്ടിച്ച് കടന്നു കളയുന്നത്. അതാകട്ടെ കുടിയേറ്റ ജനത ജീവിക്കുന്ന ദേശ ഭൂപടത്തിലെ അതിരുകളിലൂടെ തലങ്ങും വിലങ്ങും ഓടി തന്റെ ജീവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. പോത്തിനെ പിടിക്കാന്‍ ഓടുന്നവര്‍ക്കും തങ്ങളുടെ വര്‍ഗ്ഗത്തില്‍ നിന്നു തന്നെ വേട്ടയാടാന്‍ ആളുണ്ട്. പോത്തിന്റെ മറവില്‍ അവര്‍ ആ വേട്ടയും അനുഭവിക്കുന്നുണ്ട് . പ്രണയത്തിന്റേതല്ലാത്ത, തീവ്രവും വന്യവുമായ ലൈംഗിക ആസക്തി നിര്‍മിക്കുന്ന പക, തന്റെ തന്നെ ലിംഗത്തിലുള്ള കരുത്തനായ എതിരാളിയെ തോല്പിച്ചു കൊണ്ട് തീര്‍ക്കാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങള്‍.
ഗാസ്പര്‍ നോയ്യുടെ ഫ്രഞ്ച് ചലച്ചിത്രം ‘ക്ലൈമാക്സ്’ കണ്ടതിനു ശേഷം അതേ അനുഭവം വീണ്ടും ഉണ്ടായത് ഈ പോത്തിനു ചുറ്റും ദേശപ്രപഞ്ചം രാവും പകലും ഓടിത്തീര്‍ക്കുന്നത് കാണുമ്പോഴാണ്. ഓരോ ദൃശ്യത്തിനു ചുറ്റും ധ്വനിക്കുന്നത് ബിംബങ്ങളുടെ അസാധാരണമായ പകര്‍ന്നാട്ടമാണ്. മനുഷ്യ സ്വഭാവങ്ങളുടെ, വികാരങ്ങളുടെ ഘോഷയാത്രകളാണ് ഒന്നര മണിക്കൂര്‍ കൊണ്ട് ഓടിത്തീര്‍ക്കുന്നത്. ആണും പെണ്ണും അധികാരവും കാമവും ഈഗോയും നടത്തുന്ന ഒരു മാരത്തോണ്‍ ഏറ്റവും വലിയ ഒടുങ്ങലില്‍ തന്നെ പൂര്‍ത്തിയാകുന്നു.
പോത്ത് കാലത്തെ അനുസ്മരിപ്പിക്കുന്ന പോലെ മാന്ത്രികമായ ഒരവതാരമാണ്. കിണറ്റില്‍ നിന്നും തന്റെ തലക്കു മുകളിലെ വൃത്തത്തില്‍ കാണുന്ന അലര്‍ച്ചകളെ, പ്രകാശത്തെ അതുറ്റു നോക്കുന്നുണ്ട്. കീഴ്പ്പെട്ടു എന്നു തോന്നിക്കുന്ന ഇടങ്ങളില്‍ നിന്നും അതു കുതിച്ചു പായുന്നുണ്ട്. ചെളിയില്‍ പതിഞ്ഞു കിടക്കുന്ന പോത്തിന്റെ കാലടിയും മനുഷ്യന്റെ കൈമുദ്രയും മതി ജൈവികമായ മനുഷ്യവംശത്തിന്റെ മുഴുവന്‍ ജീവിതത്വരയും വെളിപ്പെടുത്താന്‍.
കാമത്തിന്റെ ഏറ്റവും അമൂര്‍ത്തമായ രൂപകങ്ങളാണ് ചലച്ചിത്രത്തില്‍ ഉടനീളം ഒളിഞ്ഞിരിക്കുന്നത്. മാംസവും രക്തവും ഇരുട്ടും അട്ടഹാസങ്ങളും ദേശത്തിന്റെ മുഴുവന്‍ ലൈംഗിക ചോദനകളെ കെട്ടഴിച്ചു വിട്ട മാതിരി ഓടുന്നു. പോത്തിനു പിന്നാലെ ഓടുന്നത് പുരുഷന്മാരാണ്. ‘ജെല്ലിക്കെട്ടി’ലെ സ്ത്രീകള്‍ പൌരുഷത്തെ ആരാധിക്കുന്നവരെന്ന് സൂചനകള്‍ കിട്ടുന്നുണ്ട്. ഹൈറേഞ്ചിലെ ഓരോ പുരുഷനും തങ്ങളുടെ പുരുഷസഹജമായ ധാര്‍ഷ്ട്യവും ഈഗോയും കാമവും നിറച്ച പൌരുഷ പ്രകടനത്തിന്റെ വേദിയായി പോത്തിന്റെ ഓട്ടകാലത്തെ മുഴുവന്‍ പ്രദക്ഷിണം ചെയ്തു കൊണ്ട് നേടുന്നുണ്ട്. കീഴ്പെട്ട പോത്തിനു മുകളില്‍ സ്വയം കീറി മുറിക്കുന്ന മനുഷ്യര്‍ വീണ്ടും സ്വന്തമായി തങ്ങളുടെ ചുറ്റില്‍ നിന്നും തന്നെ ഇരയേയും വേട്ടക്കാരനെയും അനുഭവിക്കുന്നുണ്ട്. ചടുലമായ ചലനങ്ങളും, ഇരുട്ടും, ശബ്ദവും, നനവും, രുചിയും എല്ലാം ഒറ്റ ഫ്രൈമില് ഓടിക്കൊണ്ടിരിക്കുന്നു. അതു നിലക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
Read Here: എന്റെ സിനിമയോ പാട്ടുകളോ വരും എന്നോര്‍ത്ത് ആ സമയത്ത് ടി വി പോലും കാണാറില്ലായിരുന്നു: നയന്‍താര
‘ജെല്ലിക്കെട്ട്’ മലയാള സിനിമയുടെ പരമ്പരാഗത ഭാവുകത്വത്തെ മുഴുവന്‍ വെല്ലുവിളിക്കുന്നു. ലോക നിലവാരത്തിലുള്ളദൃശ്യങ്ങളുടെയും കഥകളുടെയും ആസ്വാദന ലോകം തുറന്നിടുന്നു. സ്ക്രിപ്പ്റ്റ് മാത്രമല്ല ക്യാമറയും ദൃശ്യങ്ങളും കഥ പറഞ്ഞ് മനുഷ്യനെ കയ്യിലെടുക്കുമെന്ന് ‘ജെല്ലിക്കെട്ട്’ തെളിയിക്കുന്നുണ്ട്.
മാത്രമല്ല, കേരളത്തിന്റെ മാന്ത്രികമായ ഭൂപ്രകൃതിയില്‍ നിന്നും ഇനിയും പുതിയ തരം കഥകള്‍ ഉണ്ടായി വരുന്നെന്ന് അയാള്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.
Read Here: വസന്തം വിരിഞ്ഞ വെള്ളി: ഈ ആഴ്ച റിലീസ് ചെയ്ത ചിത്രങ്ങളുടെ റിവ്യൂ, ഒറ്റനോട്ടത്തിൽ