‘ബാഹുബലി’യ്ക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ‘ആർ ആർ ആർ’ എന്ന ചിത്രത്തിനായി തെലുങ്ക് പഠിച്ചെടുക്കാൻ പെടാപാട് പെടുകയാണ് ആലിയ ഭട്ട്. പഠിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടെങ്കിലും ഏറെ എക്സ്‌പ്രസീവ് ആയ ഭാഷയാണ് തെലുങ്ക് എന്നാണ് ആലിയയുടെ നിരീക്ഷണം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആലിയ. ഉച്ചാരണവും വാക്കുകളുടെ അർത്ഥവും മനസ്സിലാക്കിയാൽ മാത്രമേ കഥാപാത്രത്തെ ഉൾകൊള്ളാൻ ആവൂ എന്നുള്ളതിനാൽ തന്റെ ഡയലോഗുകൾ പഠിച്ചെടുക്കാനുള്ള കഠിനമായ​ ശ്രമത്തിലാണ് ആലിയ. ഒരു വാക്യം മുഴുവനായി തെലുങ്കിൽ സംസാരിക്കാൻ പഠിച്ചു എന്നതാണ് ഇത്രനാൾ കൊണ്ടുള്ള നേട്ടം എന്നും ആലിയ കൂട്ടിച്ചേർക്കുന്നു.

ആലിയയ്ക്കു പുറമെ ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തിലുണ്ട്. ഇരുവരുടെയും സൗത്ത് ഇന്ത്യൻ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘ആർ ആർ ആർ’. ജൂനിയര്‍ എന്‍ടിആര്‍, രാം ചരന്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ഡി.വി.വി.ധനയ്യയാണ്. ‘ബാഹുബലി’യുടെ രണ്ടു ഭാഗങ്ങള്‍ക്കും കൂടി 400 കോടിയായിരുന്നു ബജറ്റ് എങ്കില്‍ രാജമൗലി തന്റെ പുതിയ ചിത്രം ഒരുക്കുന്നത് 300 കോടി ചെലവിലാണ് എന്നാണു റിപ്പോര്‍ട്ടുകള്‍. ബാഹുബലിയെ പോലെ തന്നെ വിഷ്വൽ എഫക്ട്സിനു പ്രാധാന്യം നൽകിയാണ് ‘ആർ ആർ ആർ’ ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Read more: രാജമൗലിയുടെ പുതിയ ചിത്രത്തിന് തുടക്കമായി

കരൺ ജോഹറിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ‘കലങ്ക്’ ആണ് റിലീസിനൊരുങ്ങുന്ന ആലിയയുടെ മറ്റൊരു ചിത്രം. ഏപ്രിൽ 17 ന് റിലീസിംഗിനൊരുങ്ങുന്ന ‘കലങ്കി’ന്റെ പ്രമോഷൻ വർക്കുകളിലാണ് ആലിയ ഇപ്പോൾ. വരുൺ ധവാൻ, ആദിത്യ റോയ് കപൂർ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, സോനോക്ഷി സിൻഹ എന്നിവരും ചിത്രത്തിലുണ്ട്. രൂപ് എന്ന കഥാപാത്രത്തെയാണ് ആലിയ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ‘കലങ്കി’ലെ താരങ്ങളുടെ ക്യാരക്ടർ ലുക്കും ടീസറുമെല്ലാം അടുത്തിടെ റിലീസാവുകയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘കലങ്ക്’. ‘2 സ്റ്റേറ്റ്സ്’ ഫെയിം അഭിഷേക് വർമനാണ് ചിത്രത്തിന്റെ സംവിധായകൻ. ഏപ്രിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പ്രീതം ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. രൺബീറിനൊപ്പം അഭിനയിക്കുന്ന ‘ബ്രഹ്മാസ്ത്ര’യാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. പൂജ ഭട്ടിന്റെ ‘സടക് 2’ വിലും ആലിയ ഉണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ