ബോളിവുഡിലെ പുതിയ പ്രണയജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. വിവാഹത്തെ കുറിച്ചൊന്നും ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. കൂടാതെ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആലിയ ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു. ‘ഇത്തരം അഭ്യൂഹങ്ങള്‍ നേരിടേണ്ട സാഹചര്യമില്ല. അത് ശരിയാണെങ്കില്‍ ശരിയാണ്, തെറ്റാണെങ്കില്‍ തെറ്റും. എല്ലാം സിനിമയുടെ പേരിലോ, പബ്ലിസിറ്റിക്ക് വേണ്ടിയോ അല്ലെന്ന് മാത്രം പറയാം’, ആലിയ പറഞ്ഞു.
സോനം കപൂറിന്റെ വിവാഹ സൽക്കാരമാണ് ഇരു താരങ്ങളുടേയും പ്രണയം വെളിച്ചത്തു കൊണ്ടു വന്നത്. ആദ്യം പാപ്പരാസികളുടെ സൃഷ്ടിയാകുമെന്നായിരുന്നു ഏവരും കരുതിയത്. പിന്നാലെ രണ്‍ബീര്‍ കപൂറാണ് ആദ്യമായി തങ്ങള്‍ പ്രണയത്തിലാണെന്ന് തുറന്നു സമ്മതിച്ച് രംഗത്തെത്തിയത്. ബോളിവുഡ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രൺബീർ ആലിയയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. അതു പോലെ ആലിയയും രൺബീറിനോടുള്ള ക്രഷ് തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഇരുവരും ഒരു ചടങ്ങിനെത്തിയ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷിക്കുന്നത്. ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ‘ആലിയാ, ഞാന്‍ കൊണ്ടു വിടാം’ എന്ന് രണ്‍ബീര്‍ പറയുന്ന വീഡിയോ ആണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്തതിന് ശേഷം ഇരുവരും മടങ്ങിപ്പോവുമ്പോഴായിരുന്നു രണ്‍ബീര്‍ ആലിയയെ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞത്.
ഉടന്‍ തന്നെ ശരിയെന്ന് പറഞ്ഞ ആലിയ കാറിലേക്ക് കയറുകയും ചെയ്തു. ‘നാളത്തേക്ക് എല്ലാ ആശംസകളും’ എന്ന് ഒരു ആരാധകന്‍ രണ്‍ബീറിനോട് വിളിച്ച് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ‘നന്ദി, എനിക്കിത് ഉപകാരപ്പെടും’ എന്ന് പറഞ്ഞാണ് രണ്‍ബീര്‍ കാറില്‍ കയറുന്നത്. അയാന്‍ മുഖര്‍ജിയുടെ ബ്രഹ്മാസ്ത്രയില്‍ ഇപ്പോള്‍ ഒരുമിച്ച് ജോലി ചെയ്യുകയാണ് ഇരുവരും.
ദീപികയുമായുള്ള പ്രണയ ബന്ധം തകർന്നതിനെ തുടർന്ന് രൺബീർ കത്രീന കൈഫുമായി പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. തുടർന്ന് ആ ബന്ധവും വഷളായതായി റിപ്പോർട്ടുണ്ടായിരുന്നു.
സിദ്ധാർഥ് മൽഹോത്രയാണ് ആലിയ ഭട്ടിന്റെ മുൻ കാമുകൻ. 1999-ൽ ‘സംഘർഷ്’ എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറിയ ആലിയ കരൺജോഹർ സംവിധാനം ചെയ്ത ‘സ്റ്റുഡന്റ് ഓഫ് ദ ഇയർ’ (2012) എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്.