ഞായറാഴ്ച മുംബൈയിൽ നടന്ന ഗ്ലോബൽ സ്‌പോർട്‌സ് പിക്കിൾബോൾ ചാമ്പ്യൻഷിപ്പിൽ ബോളിവുഡ് താരം ആലിയ ഭട്ട് പങ്കെടുത്തു. ചടങ്ങിൽ നിന്നുള്ള ആലിയയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ ശ്രദ്ധ നേടുകയാണ്. പരിപാടിയ്ക്കിടയിൽ ഒരു പാപ്പരാസി ഫോട്ടോഗ്രാഫറുടെ അമ്മയുമായി ആലിയ സംസാരിക്കുന്ന വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.
“കണ്ടതിൽ സന്തോഷം,” എന്നു പറഞ്ഞാണ് ആലിയ സംഭാഷണത്തിന് തുടക്കം കുറിച്ചത്. “നിങ്ങളുടെ മകൻ എന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. പക്ഷേ അവൻ അവന്റെ ജോലിയിൽ മിടുക്കനാണ്,” ഫോട്ടോഗ്രാഫറുടെ നേരെ വിരൽ ചൂണ്ടി ആലിയ കൂട്ടിച്ചേർത്തു.



ശുദ്ധമായ ഹൃദയം എന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. എല്ലാവരോടും എളിമയോടെ പെരുമാറുന്ന നടിയെന്നും ചിലർ ആലിയയെ വിശേഷിപ്പിക്കുന്നുണ്ട്. “ആലിയ ഇപ്പോഴും ചെറുപ്പമായിരിക്കുന്നു, അവൾ ഒരു അമ്മയായി കഴിഞ്ഞെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്,” എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്.
ആലിയയെ കൂടാതെ നടൻ അർജുൻ ബിജ്‌ലാനി, സംവിധായകൻ ശശാങ്ക് ഖൈതാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
‘ഹാർട്ട് ഓഫ് സ്റ്റോൺ’ എന്ന ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ആലിയ. ഗാൽ ഗഡോട്ടും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫർഹാൻ അക്തറിന്റെ ‘ജീ ലെ സരാ’, കരൺ ജോഹർ ചിത്രം ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്നീ ചിത്രങ്ങളിലും ആലിയയുണ്ട്.