ഇരുപത് വർഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രം സഡക് 2ന്റെ ട്രെയിലർ ഓഗസ്റ്റ് 11നാണ് റിലീസ് ചെയ്തത്. ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, സഞ്ജയ് ദത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ ട്രെൻഡിങ്ങിൽ മാത്രമല്ല യൂട്യൂബിൽ ഏറ്റവുമധികം ഡിസ്‌ലൈക്ക് നേടുന്ന ട്രെയിലറിറിലും ഒന്നാം സ്ഥാനത്താണ് സഡക്ക് 2. 53 ലക്ഷത്തിലധികം ഡിസ്‌ലൈക്കുകളാണ് ചിത്രത്തിന്റെ ട്രെയിലറിന് ഇതോടകം ലഭിച്ചത്.

Read More: Sadak 2 trailer: പ്രതികാരത്തിന്റെ കഥയുമായി ‘സഡക് 2’; ട്രെയിലർ

സ്വജനപക്ഷപാതത്തിനും, സിനിമാകുടുംബത്തിലുള്ളവർക്ക് മുൻഗണന നൽകുന്നതിനുമെതിരെയാണ് ഈ ഡിസ്‌ലൈക്ക് ക്യാംപെയ്ൻ നടക്കുന്നത്. നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണ ശേഷമാണ് ബോളിവുഡിൽ നെപ്പോട്ടിസം അഥവ സ്വജനപക്ഷപാതം വീണ്ടും ചർച്ചയാകുന്നത്. എല്ലാ ബോളിവുഡ് ചിത്രങ്ങളും ഉപേക്ഷിക്കും എന്നൊക്കെയാണ് പ്രേക്ഷകർ പറയുന്നത്.

സ്വജനപക്ഷപാതത്തെ പ്രോത്സാഹിപ്പിക്കുകയും പുറത്തുനിന്നുള്ളവരുടെ സാധ്യതകൾ ഇല്ലാതാക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് മഹേഷ് ഭട്ടിനും ആലിയയ്ക്കും എതിരെ പ്രതിഷേധം ശക്തമായിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് മുകേഷ് ഭട്ടാണ്.

1991ൽ സഞ്ജയ് ദത്ത്, പൂജ ഭട്ട് എന്നിവരെ നായികാനായകൻമാരാക്കി മഹേഷ് ഭട്ട് ഒരുക്കിയ റൊമാന്റിക് ത്രില്ലർ ചിത്രം സഡക്കിന്റെ രണ്ടാം ഭാഗമാണ് സഡക് 2. 29 വർഷങ്ങൾക്കു ശേഷം പുറത്തിറങ്ങുന്ന രണ്ടാംഭാഗം ഒടിടി വഴി റിലീസ് ചെയ്യാനാണ് തീരുമാനം.

Read More: വേദിയിൽ പൊട്ടിത്തെറിച്ച് മഹേഷ് ഭട്ട്, ‘പപ്പാ’യെ ശാന്തമാക്കാൻ പണിപെട്ട് ആലിയ

സഡക്2 സ്ട്രീം ചെയ്യാനുള്ള ഹോട്ട് സ്റ്റാറിന്റെ തീരുമാനത്തിനെതിരെ ട്വിറ്ററിൽ ഹോട്ട് സ്റ്റാർ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിഷേധം ശക്തമായിരുന്നു. ട്രെയിലർ റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ തന്നെ മൂന്ന് ലക്ഷം ഡിസ് ലൈക്കുകൾ ലഭിച്ചിരുന്നു. ഇതുവരെയും മൂന്ന് ലക്ഷത്തിൽ താഴെമാത്രം ലൈക്കുകളാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.

ട്രെയിലറിനെതിരായ കമന്റുകൾ കൊണ്ട് കമന്റ് ബോക്സും നിറഞ്ഞിരിക്കുകയാണ്. യൂട്യൂബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ഡിസ് ലൈക്ക് ലഭിച്ച ട്രെയിലറാക്കി ഇതിനെ മാറ്റണമെന്നാണ് പല കമന്റുകളും.

ട്രെയിലർ റിലീസ് ചെയ്യുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മഹേഷ് ഭട്ട് തന്റെ മൂത്തമകൾ പൂജ ഭട്ട് വഴി ആരാധകർക്കായി ഒരു സന്ദേശം പങ്കുവെച്ചിരുന്നു. “ഇന്ന് ഞങ്ങൾ യാത്രയുടെ അവസാന ഘട്ടം ആരംഭിക്കുമ്പോൾ, എനിക്ക് പരിഭ്രാന്തിയില്ല! ഒരു ഭാരവും എന്റെ ചുമലില്ല. ഒരു പ്രശസ്തിയും മുറുകെ പിടിക്കേണ്ടതില്ല. നിർവഹിക്കാൻ ദൗത്യമില്ല. ആരോടും ഒന്നും തെളിയിക്കാനില്ല. സിനിമ നന്നായാൽ അത് നിങ്ങൾക്കെല്ലാവർക്കും അവകാശപ്പെട്ടതാണ്. ഇല്ലെങ്കിൽ, അത് എന്റേതാണ്.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook