ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ കൂടെ കഴിഞ്ഞിട്ടും തന്റെ സഹോദരി വിഷാദരോഗത്തിന്റെ പിടിയിലാണെന്ന് അറിയാന്‍ സാധിച്ചില്ലെന്ന് ബോളിവുഡ് താരം ആലിയാ ഭട്ട്. ഷാഹീന്‍ ഇത്രയേറെ കഠിന വേദനയിലൂടെ കടന്നു പോയിട്ടും തനിക്കോ വീട്ടുകാര്‍ക്കോ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ ആലിയ, സഹോദരിയോട് മാപ്പ് ചോദിച്ചു.
കുറച്ചുദിവസം മുമ്പ് ലോക മാനസികാരോഗ്യദിനത്തിലാണ് ആലിയയുടെ സഹോദരി ഷഹീന്‍ ഭട്ട് തന്റെ ആദ്യ നോവലായ ‘നെവെര്‍ ബീന്‍ അണ്‍(ഹാപ്പിയര്‍)’ എന്ന നോവല്‍ പ്രസിദ്ധീകരിച്ചത്. താന്‍ വിഷാദരോഗത്തിന് അടിമായിരുന്നുവെന്നും എത്രത്തോളം പ്രയാസം ഉള്ളിലൊതുക്കിയായിരുന്നു ജീവിച്ചിരുന്നതെന്നും പുസ്തകത്തില്‍ ഷഹീന്‍ പറയുന്നു.
ഈ പുസ്തകം വായിച്ചപ്പോളാണ് ഷഹീന്‍ കടന്നുപോയ മാനസിക സംഘര്‍ഷത്തിന്റെ തീവ്രത മനസിലായതെന്നും, തങ്ങള്‍ ഷഹീനെ സ്‌നേഹിച്ചിരുന്നെങ്കിലും അവളെ മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും ആലിയ ക്ഷമാപണം നടത്തി. ‘ഡിയര്‍ ഷഹീന്‍’ എന്ന പേരിലാണ് ആലിയ ഈ വീഡിയോ പുറത്തുവിട്ടത്.
ഇത്രയും വലിയ വിഷമങ്ങളിലൂടെ കടന്നുപോയിട്ടും വളരെ സത്യസന്ധവും അനായാസകരവുമായി നീ എഴുതിത്തീര്‍ത്ത പുസ്‌കതം വായിച്ച് നിനക്കൊരു കത്തെഴുതാന്‍ ഞാനിപ്പോള്‍ കഷ്ടപ്പെടുകയാണെന്ന് ആലിയ വീഡിയോയില്‍ പറയുന്നു. നിറകണ്ണുകളോടെയാണ് ആലിയ വീഡിയോ അവസാനിപ്പിക്കുന്നത്.