ട്രോളുകളെ എങ്ങനെ നേരിടണമെന്ന് നല്ലവണ്ണം അറിയുന്ന താരമാണ് ബോളിവുഡ് നടി ആലിയ ഭട്ട്. അന്താരാഷ്ട്രം ലക്ഷ്വറി ബ്രാന്ഡായ ഗൂച്ചിയുടെ അംബാസഡറാണ് ആലിയയിപ്പോൾ. ബ്രാൻഡിന്റെ ക്രൂസ് ഷോയിൽ പങ്കെടുക്കാനായി സോളിലെത്തിയതാണ് താരം. ഷോയിലെത്തിയ ആലിയയുടെ ചിത്രങ്ങൾ വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സിൽവർ നിറത്തിലുള്ള വർക്കുകൾ വരുന്ന ബ്ലാക്ക് ഡ്രെസ്സാണ് ആലിയ അണിഞ്ഞിരുന്നത്. എന്നാൽ ആരാധകരുടെ കണ്ണുടക്കിയത് താരത്തിന്റെ കയ്യിലിരുന്നു ചെറിയ ട്രാൻസ്പരന്റ് ബാഗിലേക്കാണ്.
എന്തുകൊണ്ടാണ് ആ ബാഗ്ഗിന്റെ അകത്തൊന്നുമില്ലാത്തതെന്നും അതിന്റെ ഉപയോഗം എന്തെന്നുമാണ് നെറ്റിസൺസ് ആലിയയോട് ചോദിക്കുന്നത്. ട്രോളുകൾ ശ്രദ്ധിച്ച ആലിയ വളരെ രസകരമായ മറുപടിയും ഇതിനു നൽകിയിരിക്കുകയാണ്.
“അതെ ബാഗ്ഗിനകത്ത് ഒന്നുമില്ലായിരുന്നു” എന്നാണ് ഗൂച്ചി ഷോയിൽ പങ്കെടുത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ആലിയ കുറിച്ചത്. കൃത്യമായ അടികുറിപ്പാണ് ആലിയ ചിത്രങ്ങൾക്കു നൽകിയതെന്ന് സോഷ്യൽ മീഡിയ പറഞ്ഞു.
കഴിഞ്ഞ ആഴ്ച്ചയാണ് ആലിയയെ ഗ്ലോബൽ അംബാസഡറായി പ്രഖ്യാപിച്ചു കൊണ്ടുള്ള വാർത്ത ഗൂച്ചി പങ്കുവച്ചത് “ആലിയ ഭട്ട് ആണ് പുതിയ ഗ്ലോബൽ അംബാസഡർ. ഗൂച്ചി ബാംബൂ 1947 ബാഗുമായി നടിയും നിർമാതാവും സംരംഭകയുമായ ആലിയ.” പുതിയ നേട്ടത്തിലുള്ള സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു താരം.
കരൺ ജോഹറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘റോക്കി ഔർ റാണി കി പ്രോം കഹാനി’യായിരിക്കും ആലിയയുടെ പുതിയ ചിത്രം. റൺവീർ സിങ്ങാണ് ചിത്രത്തിലെ നായകൻ. ജൂലൈ 28 നായിരിക്കും ചിത്രം തിയേറ്ററിലെത്തുക. ഫർഹാൻ അക്തറിനൊപ്പമുള്ള ‘ജീ ലേ സറ’യിലും ആലിയ വേഷമിടുന്നുണ്ട്.