ഭർത്താവ് റൺബീറിന്റെ ചിത്രം ഇടയ്ക്കിടെ ആലിയ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ മകൾ റാഹയുടെ ചിത്രങ്ങൾ അത്രയങ്ങ് ഷെയർ ചെയ്യാറില്ല. മകളുടെ മുഖം ഒരു നിശ്ചിത പ്രായമെത്തുന്നതു വരെ മാധ്യമങ്ങളെ കാണിക്കില്ലെന്ന തീരുമാനവും ഇരുവരുമെടുത്തിരുന്നു. റൺബീർ റാഹയ്‌ക്കൊപ്പമിരിക്കുന്ന മനോഹരമായൊരു ചിത്രം ആലിയ തിങ്കളാഴ്ച്ച സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രം ആലിയ പിന്നിൽ നിന്നാണ് പകർത്തിയത്.
സ്ട്രാളറിലിരിക്കുന്ന കുഞ്ഞിനെ അടുത്തിരുന്ന് നോക്കുകയാണ് റൺബീർ ചിത്രത്തിൽ. റാഹയുടെ മുഖം ചിത്രത്തിൽ വ്യക്തമല്ലെങ്കിലും റൺബീറിന്റെ ഭാവം ചിത്രത്തിൽ കാണാം. “നവംബർ 6-ാം തീയതി മുതൽ ഞാനൊരു നല്ല ഫൊട്ടൊഗ്രാഫറായി മാറിയിരിക്കുന്നു.” കുഞ്ഞ് ജനിച്ച ദിവസമാണ് നവംബർ 6-ാം തീയതി.
ആലിയ ചിത്രം പങ്കുവച്ച് അതു ഡിലീറ്റ് ചെയ്തതിനു പിന്നാലെയാണ് ആരാധകരിൽ സംശയം ഉണർന്നത്. എന്തുകൊണ്ടാണ് ആലിയ ചിത്രം ഡിലീറ്റ് ചെയ്തതെന്നാണ് ആരാധകർ ചോദിക്കുന്നത്.
ആലിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ ചിത്രം പിന്നീട് ഡിലീറ്റ് ചെയ്തു എന്ന് കുറിച്ചാണ് റെഡ്ഡിറ്റിൽ ഫൊട്ടൊ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രത്തിനു താഴെ ആരാധകരുടെ അനവധി കമന്റുകളാണ് നിറയുന്നത്. ‘ഇന്റർനെറ്റ് ഒരിക്കലും മറക്കില്ല.’ ‘അതൊരു നല്ല ചിത്രമായിരുന്നു പിന്നെയെന്താണ് അവർ ഡിലിറ്റ് ചെയ്തത്’ തുടങ്ങിയവയാണ് കമന്റുകൾ. കുറച്ചധികം സമയത്തിനു ശേഷം ആലിയ വീണ്ടും അതേ ചിത്രം ഷെയർ ചെയ്തു.
പാപ്പരാസികളെ മുംബൈയിൽ വിളിച്ചുവരുത്തിയായിരുന്നു മകളുടെ ചിത്രങ്ങൾ പകർത്തരുതെന്ന് ദമ്പതികൾ അപേക്ഷിച്ചത്. ഇരുവരും ഒന്നിച്ച് തീരുമാനിച്ച ശേഷം കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തുവിടുന്നതായിരിക്കും എന്നാണ് താരങ്ങൾ പറഞ്ഞത്.
2022 നവംബറിലായിരുന്നു റാഹയുടെ ജനനം. സോഷ്യൽ മീഡിയയിലൂടെയാണ് താരങ്ങൾ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. കുഞ്ഞിന്റെ പേരും അതിന്റെ അർത്ഥവും വിശദീകരിച്ച് ആലിയ മറ്റൊരു പോസ്റ്റും പങ്കുവച്ചു. കുറിപ്പിനൊപ്പം ആലിയയും റൺബീറും കുഞ്ഞിനൊപ്പം നിൽക്കുന്ന ചിത്രവും ഷെയർ ചെയ്തിരുന്നു. അതിനു ശേഷം കുഞ്ഞിനെ കാണിച്ചു കൊണ്ടുള്ള ചിത്രങ്ങളൊന്നും തന്നെ ആലിയ പങ്കുവച്ചിട്ടില്ല.
ഈയടുത്താണ് താരങ്ങൾ അവരുടെ ആദ്യ വിവാഹവാർഷികം ആഘോഷിച്ചത്. ഇരുവരും ഒന്നിച്ചുള്ള ഇതുവരെയും കാണാത്ത ചിത്രങ്ങളും ആലിയ പങ്കുവച്ചു. ‘ആനിമൽ’ ആണ് റൺബീറിന്റെ പുതിയ ചിത്രം, ‘റോക്കി ഔർ റാണി കീ പ്രേം കഹാനി’യാണ് ആലിയയുടെ അടുത്ത ചിത്രം.