ബോളിവുഡിൽ തിരക്കേറിയ നടിയാണ് ആലിയ ഭട്ട്. ഷൂട്ടിങ് തിരക്കുകൾക്കിടയിലും തന്റെ ആരാധകർക്കായി സമയം മാറ്റിവച്ചിരിക്കുകയാണ് നടി. ഇൻസ്റ്റഗ്രാമിൽ ആരാധകർക്കൊപ്പം ചെറിയൊരു ചാറ്റ് സെഷനിൽ പങ്കെടുത്തിരിക്കുകയാണ് ആലിയ. പതിവിൽനിന്നും വ്യത്യസ്തമായി ‘ട്രൂ ഓർ ഫാൾസ്’ ഗെയിമിലൂടെയാണ് ഇത്തവണ ആലിയ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തത്. ഇത്തവണ വീഡിയോയിലൂടെ ചോദ്യങ്ങൾക്കുളള മറുപടി നൽകിയതും പുതിയൊരു അനുഭവമായി.
ഷോപ്പിങ് ഇഷ്ടമാണോയെന്നായിരുന്നു ആലിയയോട് ആരാധകർ ചോദിച്ച ഒരു ചോദ്യം. ഇതിന് തെറ്റെന്നായിരുന്നു ആലിയയുടെ മറുപടി. ”ഷോപ്പിങ് എനിക്ക് ഇഷ്ടമല്ല. നിങ്ങളൊരു കടയിൽ എന്നെ കൂട്ടിക്കൊണ്ടുപോവുകയാണെങ്കിൽ ഞാൻ കൺഫ്യൂഷനിലായി പെട്ടെന്ന് പുറത്തേക്ക് വരും. പക്ഷേ ഓൺലൈൻ ഷോപ്പിങ് എന്നിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.”
Read More: ലെച്ചു ആളങ്ങ് സീരിയസായി പോയല്ലോ എന്ന് ആരാധകർ; പുതിയ ചിത്രങ്ങളുമായി ജൂഹി
എല്ലാം ഉപേക്ഷിച്ച് ഒറ്റയ്ക്ക് യാത്ര പോകാൻ ഇഷ്ടമാണോ എന്ന ചോദ്യത്തിന് ‘അതെ’ എന്നു മറുപടി നൽകിയ ആലിയ, പക്ഷേ ഒറ്റയ്ക്ക് യാത്ര പോകാൻ ഇഷടമല്ലെന്നും വ്യക്തമാക്കി. ആലിയ പ്രഭാത ഭക്ഷണം മുടക്കാറുണ്ടോയെന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിനു ഫാൾസ് എന്നു മറുപടി കൊടുത്ത ആലിയ തനിക്ക് വിശപ്പില്ലെങ്കിൽ പോലും പ്രഭാത ഭക്ഷണം മുടക്കാറില്ലെന്ന് പറഞ്ഞു.
പൊട്ടാറ്റോയും ചോക്ലേറ്റും ആലിയയ്ക്ക് ഇഷ്ടമാണോയെന്നായിരുന്നു ഒരാൾ ചോദിച്ചത്. തികച്ചും അത് ശരിയാണെന്നായിരുന്നു ആലിയ പറഞ്ഞത്. ആലു പൊറോട്ടയും ചോക്ലേറ്റും തന്റെ ഇഷ്ട ഭക്ഷണമാണെന്നും ആലിയ വെളിപ്പെടുത്തി. മാത്രമല്ല, വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും മറ്റൊന്നും അതുപോലെ വരില്ലെന്നും ആലിയ പറഞ്ഞു. പാചകം ചെയ്യാൻ ഇഷ്ടമാണോയെന്ന ചോദ്യത്തിന് ഇല്ലെന്നും, കഴിക്കാൻ മാത്രമാണ് തനിക്ക് ഇഷ്ടമെന്നും ആലിയ വെളിപ്പെടുത്തി.
ആലിയയ്ക്ക് പൂച്ചകളെ മാത്രമാണോ ഇഷ്ടമെന്നായിരുന്നു മറ്റൊരു ചോദ്യം. തന്റെ പൂച്ചകളെ സ്നേഹിക്കുന്ന അത്രയും തന്നെ തന്റെ നായ്ക്കളെയും സ്നേഹിക്കാറുണ്ടെന്നാണ് ആലിയ പറഞ്ഞത്. എല്ലാ ദിവസവും വർക്ക്ഔട്ട് ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് ഫാൾസ് എന്നായിരുന്നു ആലിയയുടെ ഉത്തരം. എല്ലാ ദിവസവും വർക്ക്ഔട്ട് ചെയ്യാൻ ആഗ്രഹമുണ്ടെന്നും പക്ഷേ ചെയ്യാറില്ലെന്നും ആലിയ വ്യക്തമാക്കി.
എസ്.എസ്.രാജമൗലിയുടെ ആർആർആർ, അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര എന്നിവയാണ് ആലിയയുടേതായി റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് സിനിമകൾ. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ആലിയ അഭിനയിക്കുന്നുണ്ട്.