രൺബീർ കപൂറുമായി തന്റെ വിവാഹം കഴിഞ്ഞിട്ട് ഒരുപാട് നാളായത് പോലെയാണ് തന്റെ മനസ്സിലെന്ന് നടി ആലിയ ഭട്ട്. കോവിഡ് അല്ലായിരുന്നെങ്കിൽ ഇതിനോടകം ആലിയയെ വിവാഹം ചെയ്തിട്ടുണ്ടാവുമായിരുന്നു എന്ന് 2020ൽ രൺബീർ നടത്തിയ ഒരു അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു താരം.
അധികം വൈകാതെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായും രൺബീർ അന്ന് പറഞ്ഞിരുന്നു. ഈ അഭിപ്രായങ്ങളിലുള്ള പ്രതികരണമാണ് എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആലിയ പറഞ്ഞത്. “രൺബീർ പറഞ്ഞത് ശരിയാണ്, എന്റെ മനസ്സിൽ, ഞാൻ രൺബീറിനെ വിവാഹം കഴിച്ചു, വാസ്തവത്തിൽ, ഞാൻ രൺബീറിനെ വിവാഹം കഴിച്ചിട്ട് വളരെക്കാലമായത് പോലെയാണ്. എല്ലാത്തിനും ഒരു കാരണമുണ്ട്. ഞങ്ങൾ വിവാഹം കഴിക്കുമ്പോൾ അതെല്ലാം ഏറ്റവും മനോഹരമായ രീതിയിൽ തന്നെ നടക്കും ” ആലിയ പറഞ്ഞു.
2018ലാണ് ആലിയയും രൺബീറും ഡേറ്റിങ്ങിലാണെന്ന ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. അവർ ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’യുടെ ലൊക്കേഷനിലാണ് അവർ പ്രണയത്തിലായത്. ചിത്രം ഈ വർഷാവസാനം സ്ക്രീനുകളിൽ എത്തും.
Also Read: സംവിധാനം രേവതി, കജോൾ നായിക; ‘സലാം വെങ്കി’ ഷൂട്ടിങ് ആരംഭിച്ചു
എന്നാൽ അതിനുമുമ്പ് സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുഭായ് കത്ത്യാവാടിയിലൂടെ ആലിയ പ്രേക്ഷകർക്ക് മുന്നിലെത്തും. മറ്റൊരു അഭിമുഖത്തിൽ, തന്റെ കരിയറിൽ തന്നോട് ഒപ്പം പ്രവർത്തിച്ച എല്ലാവരുമാണ് തന്റെ വിജയത്തിന് കാരണമെന്ന് ആലിയ പറഞ്ഞു. സിനിമ പൂർത്തിയാക്കുന്നതിനു വേണ്ടി ആളുകൾ ചെയ്യുന്ന ത്യാഗങ്ങളെക്കുറിച്ചുള്ള കഥകൾ കേട്ടാണ് താൻ വളർന്നതെന്നും അത് സിനിമാനിർമ്മാണത്തിന് വേണ്ടിവരുന്ന കഠിനാധ്വാനത്തെക്കുറിച്ച് തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളായ ആലിയ പറഞ്ഞു.
2012ൽ കരൺ ജോഹറിന്റെ ,സ്റ്റുഡന്റ് ഓഫ് ദ ഇയർ, എന്ന ചിത്രത്തിലൂടെയാണ് ആലിയയുടെ അരങ്ങേറ്റം. അതിനുശേഷം ‘റാസി’, ‘കപൂർ ആൻഡ് സൺസ്’, ‘ഗല്ലി ബോയ്’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു.