ബോളിവുഡിൽ ഏറെ ആരാധകരുള്ള താരമാണ് ആലിയ ഭട്ട്. കാമം, അസൂയ, അഹങ്കാം, ദേഷ്യം, അലസത, അത്യാഗ്രഹം,ഭക്ഷണപ്രിയം എന്നീ ഏഴു കാര്യങ്ങളെ കുറിച്ചുള്ള തനിക്ക് എന്താണ് പറയാനുള്ളതെന്ന് ആലിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇഷ്ടഭക്ഷണത്തെ പറ്റി പറയുമ്പോൾ, ദാൽ-ചവൽ, ഭിണ്ടി കി സബ്‌സി, തഡ്‌ക ദാഹി, അച്ചാർ എന്നിവയും മധുരപലഹാരമായി വീട്ടിൽ പാകം ചെയ്യുന്ന മിൽക്ക് കേക്കും തനിക്ക് ഇഷ്ടമാണെന്നും താരം പറഞ്ഞു.
ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കില്ലെന്നത് ആലിയയെ ദേഷ്യത്തിലാക്കുമെന്ന് ഭർത്താവും നടനുമായ രൺബീർ കപൂർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. “എന്നെ പെട്ടെന്നു ദേഷ്യത്തിലാക്കുന്ന ഒരു കാര്യം അയോഗ്യത അല്ലെങ്കിൽ അത് സാധ്യമാകില്ല എന്ന ചിന്തയാണ്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ദേഷ്യം വരുമ്പോൾ ഞാൻ അത് നിയന്ത്രിക്കാൻ ശ്രമിക്കും. കാരണം ഞാൻ ശബ്ദം ഉയർത്തി സംസാരിക്കുന്നത് എന്റെ ഭർത്താവിന് ഇഷ്ടമല്ല. സന്തോഷമില്ലാത്ത സമയത്തും വളരെ കൂളായി സംസാരിക്കണമെന്നാണ് അദ്ദേഹം പറയാറുള്ളത്. അതാണ് ന്യായമെന്നും രൺബീർ പറയും.” രൺബീറിന്റെ വളരെ ശാന്തമായ സ്വഭാവത്തോട് തനിക്ക് അസൂയയാണെന്നും ആലിയ കൂട്ടിച്ചേർത്തു.
അഹങ്കാരം, അലസത, അത്യാഗ്രഹം എന്നിവയെ കുറിച്ച് ആലിയ സംസാരിച്ചു. ഗംഗുഭായ് കത്ത്യാവാഡിയെ കുറിച്ചാണ് ആലിയ സംസാരിക്കാൻ തുടങ്ങിയത്, “എനിക്ക് അഹങ്കാരം തോന്നിയൊരു നിമിഷമുണ്ട്, പക്ഷെ അതോർത്ത് എനിക്ക് കുറ്റബോധമൊന്നും തോന്നുന്നില്ല. ഗംഗുഭായ് കത്ത്യാവാഡി ബോക്സ് ഓഫീസ് വിജയം നേടിയപ്പോഴായിരുന്നത്. ഞാൻ സ്വപ്നം കണ്ട ഒരു സംവിധായകനൊപ്പമുള്ള ചിത്രമായിരുന്നത്. സഞ്ജയ് ലീല ബൻസാലിയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യാനായതിൽ ഞാൻ ഏറെ സന്തോഷവതിയായിരുന്നു” ആലിയ പറഞ്ഞു.
വർക്കൗട്ട് ചെയ്യാൻ കാണിക്കുന്ന അവസതയെ കുറിച്ചും തന്റെ കൈയ്യിൽ ഒരുപാടുള്ള ഒരു മേക്കപ്പ് ഉത്പന്നം വീണ്ടും വാങ്ങിക്കാൻ കാണിച്ച അത്യാഗ്രഹത്തെ കുറിച്ചെല്ലാം ആലിയ തുറന്നു പറഞ്ഞു. മദ്യപിച്ചതിനെ തുടർന്നുണ്ടായ ഒരു സന്ദർഭം പറയുമോ എന്ന ചോദ്യത്തിലാണ് വീഡിയോ അവസാനിക്കുന്നത്. ഞാൻ നിങ്ങളോട് എന്റെ ഡ്രെങ്ക് സ്റ്റോറി പറയില്ലെന്നാണ് ആ ചോദ്യത്തിനുള്ള ആലിയയുടെ മറുപടി.